മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട, കാറിൽ കടത്തിയത് നാലരക്കോടി, രണ്ട് പേർ അറസ്റ്റിൽ 

മലപ്പുറം : പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് പൊലീസിന്റെ വൻ കുഴൽപ്പണ വേട്ട. നാല് കോടി അറുപതു ലക്ഷം രൂപയുടെ കുഴൽപ്പണവുമായാണ് രണ്ടു പേർ പിടിയിലായി. താമരശേരി സ്വദേശികളായ ചുണ്ടയിൽ ഫിദ ഫഹദ്, പരപ്പൻപൊയിൽ അഹമ്മദ് അനീസ് എന്നിവരാണ് പിടിയിലായത്. മലപ്പുറത്ത് പിടികൂടുന്ന ഏറ്റവും വലിയ കുഴൽപ്പണ വേട്ടയാണിത്. പണം കൊണ്ട് വരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്ത് വ്യാപകമായി വാഹന പരിശോധന നടത്തിയിരുന്നു. പുലർച്ചെ അങ്ങാടിപ്പുറത്തു വെച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കാറിന്റെ മുൻ സീറ്റുകളുടെ അടിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ പണമാണ് പൊലീസ് പിടികൂടിയത്. ബെംഗളുരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം ജില്ലയിൽ വിതരണത്തിന് എത്തിച്ച പണമാണിതെന്ന് വിവരം. ഹവലാ സംഘത്തിനു വേണ്ടിയാണ് പണം കടത്തിയതെന്ന് പിടിയിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.