കാര്യവട്ടം ഏകദിനം; കാണികളിൽ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കില്ല

തിരുവനന്തപുരം: ശ്രീലങ്കക്കെതിരെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യയുടെ മൂന്നാം ഏകദിനത്തില്‍ കാണികളിൽ നിന്ന് പാർക്കിങ് ഫീസ് ഈടാക്കില്ല. മുൻപ് പാർക്കിങ്ങിനായി അമിത ഫീസ് ഈടാക്കിയത് വിവാദമായിരുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തുന്ന കാണികൾക്ക് പ്രധാന പാർക്കിങ് ഒരുക്കുക കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലാണ്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പാർക്കിങ് സൗജന്യമായിരിക്കുമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.മുൻപ് മൽസരം നടന്നപ്പോൾ ഒരു വാഹത്തിന് 500 രൂപ വരെ സർവകലാശാല ഈടാക്കിയെന്ന് ആക്ഷേപമുയർന്നിരുന്നു. ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് കരുതൽ നിക്ഷേപവും വാങ്ങില്ലെന്നാണ് വിവരം. സർവകലാശാല കാമ്പസിന് പുറമെ മറ്റ് മൂന്നിടത്ത് കൂടി പാർക്കിങ്ങിന് സൗകര്യമുണ്ടാകും. മൽസരം നടക്കുന്ന ഞായറാഴ്ച പൊലീസ് ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തും.