സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പോളിടെക്നിക്ക് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കൊല്ലം പത്തനാപുരം എലിക്കാട്ടൂർ കടവിലായിരുന്നു അപകടം. കൊല്ലം കരിക്കോട് പേരൂർ തട്ടാർകോണം തൊടിയിൽ വീട്ടിൽ ജയപ്രകാശിന്റെയും ജ്വാലയുടെയും മകൻ ഷീജു പ്രകാശാണ് (21) മരിച്ചത്.പുനലൂർ ഗവ. പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. പരീക്ഷ കഴിഞ്ഞ ശേഷമാണ് വിദ്യാർത്ഥികൾ കുളിക്കാനെത്തിയത്. കടവിലെ ആഴമുള്ള ഭാഗത്താണ് കുട്ടികൾ ഇറങ്ങിയത്. ഷീജു പ്രകാശ് ഉൾപ്പെടെ അഞ്ചുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും ആറിന്റെ മദ്ധ്യഭാഗത്തേക്ക് നീന്തുന്നതിനിടെ ഷീജു വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.സുഹൃത്തുകൾ ബഹളം വച്ചതോടെ നാട്ടുകാർ എത്തിയെങ്കിലും ചുഴിയിൽ അകപ്പെട്ടതിനാൽ രക്ഷിക്കാനായില്ല. ആവണീശ്വരത്ത് നിന്ന് ഫയർ ഫോഴ്സും കൊല്ലത്ത് നിന്ന് സ്കൂബ ടീമും തെരച്ചിൽ നടത്തി ഉച്ചയ്ക്ക് രണ്ടോടെയാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരൻ: ശ്യാം പ്രകാശ്.