പെൺകരുത്ത് നിറച്ച് കേരളം കർത്തവ്യ പഥിൽ; തല ഉയർത്തി കാർത്ത്യായനിയമ്മയും നഞ്ചിയമ്മയും

ന്യൂഡൽഹി• അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഇരുളാ ന‍ൃത്തം, കണ്ണൂരിന്റെ ശിങ്കാരിമേളം. പെൺകരുത്തും താളവും ചന്തവും മുൻപിൽ വച്ച് റിപ്പബ്ലിക് ദിന പരേഡിൽ ഹൃദയം കീഴടക്കി കേരളത്തിന്റെ ടാബ്ലോ കർത്തവ്യപഥിൽ. സ്ത്രീശാക്തീകരണം എന്ന ആശയം മുൻനിർത്തി 24 സ്ത്രീകളുമായാണ് കേരളം ടാബ്ലോ അവതരിപ്പിച്ചത്.നഞ്ചിയമ്മയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത പാട്ട് കേരളം ഒരിക്കൽ കൂടി രാജ്യത്തിന് മുൻപിലേക്ക് വച്ചു. ഒപ്പം ദേശീയ പതാകയും കയ്യിലേന്തി നിൽക്കുന്ന നഞ്ചിയമ്മയുടെ പ്രതിമയും ബേപ്പൂർ ഉരുവിന്റെ മാതൃകയിലെത്തിയ ടാബ്ലോയിൽ തലയെടുപ്പോടെ ചിരി നിറച്ചു നിന്നു.സാക്ഷരതാ പരീക്ഷ ജയിച്ച് നാരീശക്തി പുരസ്കാരം നേടിയ ചേപ്പാട് സ്വദേശിനി കാർത്ത്യായനിയമ്മയുടെ പ്രതിമയാണ് കേരള ടാബ്ലോയുടെ മുന്നിലുണ്ടായിരുന്നത്. 96–ാം വയസ്സിൽ സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്ത്യായനിയമ്മയുടെ പ്രതിമ കേരളത്തിന്റെ ടാബ്ലോയെ കൂടുതൽ ഹൃദ്യമാക്കി.കണ്ണൂർ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായാണ് ഇവർ ശിങ്കാരിമേളം പഠിക്കാൻ ആരംഭിച്ചത്. കളരിപ്പയറ്റുമായി എത്തിയത് അമ്മയും മകളുമാണ്. ഇരുളാ വിഭാഗത്തിൽ നിന്നുള്ള എട്ട് സ്ത്രീകള്‍ ഗോത്ര പാരമ്പര്യം ഉയർത്തി ചുവടുവച്ചത് രാജ്യത്തിന്റെ ശ്രദ്ധ നേടി. ആദ്യമായാണ് ഗോത്ര നൃത്തം കേരള ടാബ്ലോയുടെ ഭാഗമാകുന്നത്.