കൊല്ലം• പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തി, മാസ്ക് ധരിക്കാത്തതിൽ പിഴ ഈടാക്കുമെന്നു ഭയപ്പെടുത്തി വയോധികയുടെ മാലയും മോതിരവും കവർന്നു. ഇന്നലെ പകൽ 9.45ന് രാമൻകുളങ്ങര മേടയിൽമുക്കിൽ ഇലങ്കത്ത് ക്ഷേത്രത്തിനു സമീപമാണ് കാവനാട് കന്നിമേൽചേരി കൊല്ലംതോട്ട് വീട്ടിൽ ശ്രീദേവിയുടെ (50) രണ്ടേമുക്കാൽ പവന്റെ മാലയും ഒന്നര ഗ്രാമിന്റെ മോതിരവും മോഷ്ടാക്കൾ കവർന്നത്.തിരുമുല്ലവാരം ഹാച്ചറിയിലെ സ്വീപ്പറായി ജോലി നോക്കുന്ന ശ്രീദേവി, രാവിലെ വള്ളിക്കീഴിലെ സഹോദരന്റെ വീട്ടിൽ നിന്ന് ബസിൽ മേടയിൽമുക്ക് ജംക‍്ഷനിൽ ഇറങ്ങി ജോലി സ്ഥലമായ തിരുമുല്ലവാരം ഒഴുക്കുതോടിലേക്ക് നടന്നു പോകുമ്പോൾ അപരിചിതനായ യുവാവ് സമീപത്ത് എത്തി കുറച്ചകലെ ബൈക്കിൽ നിൽക്കുന്ന ആൾ പൊലീസ് സിഐഡി ആണെന്നും മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കുമെന്നും പറയുകയായിരുന്നു.കഴുത്തിൽ കിടക്കുന്ന മാലയും മോതിരവും വളയും ഊരി കവറിലിടാനും യുവാവ് ആവശ്യപ്പെട്ടു. വിലകൂടിയ ആഭരണങ്ങൾ ധരിക്കുന്നത് സുരക്ഷിതമല്ലെന്നും ഉപദേശിച്ചു. ഇതോടെ മാലയും മോതിരവും ഊരി കയ്യിലുണ്ടായിരുന്ന കവറിൽ സൂക്ഷിക്കാമെന്നു ശ്രീദേവി പറഞ്ഞപ്പോൾ സഹായിക്കാമെന്നു പറഞ്ഞു യുവാവ് മാലയും മോതിരവും കവറിലിടുന്ന പോലെ കാണിച്ചു തന്ത്രപൂർവം കൈവശപ്പെടുത്തി. കവർ ശ്രീദേവിക്ക് നൽകുകയും ചെയ്തു. ബൈക്കിലിരുന്ന ആളിന്റെ സമീപത്ത് ചെന്നപ്പോൾ പൊലീസ് സിഐഡി ആണെന്നു പരിചയപ്പെടുത്തുകയും ഫോട്ടോ പതിപ്പിച്ച ഐഡി കാർഡ് കാണിക്കുകയും ചെയ്തിരുന്നു.തുടർന്ന് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ശ്രീദേവി കവർ പരിശോധിച്ചപ്പോഴാണ് മാലയും മോതിരവും കവറിൽ ഇല്ലാത്ത കാര്യം മനസ്സിലായത്. തുടർന്ന് നാട്ടുകാരെയും വെസ്റ്റ് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിരം മോഷ്ടാവിനെ പൊലീസ് കുണ്ടറയിൽ നിന്നു കസ്റ്റഡിയിൽ എടുത്തുവെങ്കിലും കുറ്റം സമ്മതിച്ചിട്ടില്ല. കൂടുതൽ സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. കൂട്ടാളിക്കായി തിരച്ചിലും വ്യാപകമാക്കിയിട്ടുണ്ട്.