ഏഴു മണിക്കൂർ തണുത്തുറഞ്ഞ സിമന്റ്തറയിൽ അലറിക്കരഞ്ഞ് പിഞ്ചുകുഞ്ഞ് ; കടിച്ചുകീറാൻ കാത്തുനിന്ന് തെരുവ് നായകൾ; രക്ഷകനായി രാജീവ്

കൊട്ടാരക്കര: പിഞ്ചുകുഞ്ഞിനെ അജ്ഞാതൻ കുരിശടിക്ക് മുൻപിൽ ഉപേക്ഷിച്ചു പോയി. വാളകം ബഥനി സ്കൂളിനു സമീപമുള്ള കുരിശടിയിൽ ചൊവ്വാഴ്ച രാത്രി 8.20-നാണ് മുണ്ടും ടീഷർട്ടും ചുവന്ന തൊപ്പിയും ധരിച്ചയാൾ കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിനെ കുരിശടിയിൽ കിടത്തി ഒന്നു തിരിഞ്ഞുനോക്കിയശേഷം ആൾ മടങ്ങുന്നത് സി.സി.ടി.വി.യിൽ കാണാനായി. തൊപ്പി വെച്ചിരിക്കുന്നതിനാലും തല കുനിച്ചു പിടിച്ചിരിക്കുന്നതിനാലും മുഖംകാണാനായില്ല.

രാത്രിയിൽ ഏഴു മണിക്കൂർ തണുത്തുറഞ്ഞ സിമന്റ്തറയിൽ കിടന്ന് പിഞ്ചുകുഞ്ഞ് അലറിക്കരഞ്ഞു. കടിച്ചു കീറാനെത്തിയ തെരുവുനായ്ക്കൾ അവളെ നോക്കി മണിക്കൂറുകളോളം കുരച്ചു. കൈകാലിട്ടടിച്ചു കരയുന്ന അവൾ പടികളിലേക്കു വീഴുന്ന അവസ്ഥയിലായിരുന്നു. അല്പംകൂടി നീങ്ങിയിരുന്നെങ്കിൽ പടികളിലൂടെ ഉരുണ്ട് കുഞ്ഞ് നേരേ എം.സി. റോഡിലേക്ക് വീഴുമായിരുന്നു.

തട്ടുകട നടത്തുന്ന രാജീവാണ് കുഞ്ഞിന്റെ രക്ഷകനായത്. കുരിശടിയിൽനിന്ന്‌ 150 മീറ്ററിലധികം അകലെയാണ് രാജീവ് തട്ടുകട നടത്തുന്നത്. പുലർച്ചെ രണ്ടോടെയാണ് അസ്വാഭാവികമായി നായ്ക്കളുടെ കുരയും അവ്യക്തമായി കുഞ്ഞിന്റെ കരച്ചിലും കേൾക്കുന്നത്. ഓടിച്ചെന്നപ്പോൾ കാണുന്ന കാഴ്ച അലറിക്കരയുന്ന കുഞ്ഞും കുരച്ചുകൊണ്ടുനിൽക്കുന്ന നായ്ക്കളെയുമാണ്. കുഞ്ഞിനെ തുണിയിലേക്കു കയറ്റി നേരേ കിടത്തി. ഏറെനേരം കാത്തുനിന്നശേഷമാണ് റോഡിലൂടെ വന്ന വാഹനത്തിനു കൈകാട്ടിയത്.

അതിലുണ്ടായിരുന്ന സ്ത്രീയോട് വിവരം പറഞ്ഞു. വാത്സല്യത്തോടെ ഓടിയെത്തിയ അവർ കുഞ്ഞിനെ മാറോടുചേർത്തു. രാജീവ് ഓടി കടയിൽപ്പോയി പാലുമായി വന്ന് കുഞ്ഞിന് നൽകി.ശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

നന്മ വറ്റാത്ത ഹൃദയത്തിന് ആയിരം നന്ദി💞
മീഡിയ 16