വർക്കലയിൽ കിടപ്പുരോഗിയായ അമ്മയെ മർദ്ദിക്കുന്നത് തടഞ്ഞ പൊലീസുകാരനെ മർദ്ദിച്ചു, പ്രതിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വർക്കലയിൽ അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞ പൊലീസുകാരന് മകന്‍റെ മര്‍ദ്ദനം. അയിരൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ മയ്യനാട് സ്വദേശി സജീവിനാണ് മര്‍ദ്ദനമേറ്റത്. പുല്ലാന്നികോട് സ്വദേശിയായ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുകാരനെ അസഭ്യം പറഞ്ഞ് നെ‌ഞ്ചിൽ ഇടിക്കുകയും യൂണിഫോമിന്‍റെ കോളറിൽ പിടിച്ചുവലിച്ച്  കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. മാന്തറയിൽ അടിപിടിയുണ്ടായ പ്രദേശത്തേക്ക് പോകുന്ന വഴിക്കാണ് മകൻ കിടപ്പുരോഗിയായ അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചത്. ഷൈജുവിന്‍റെ വീട്ടിലെത്തിയ പൊലീസ് അമ്മയെ ഉപദ്രവിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. ഇതിന്‍റെ വിരോധത്തിലാണ് പിന്നാലെയെത്തിയ പ്രതി ഇടവയിൽ നിന്ന് കാപ്പിൽ ഹൈസ്‍കൂളിലേക്ക് പോകുന്ന വഴിയിൽ റോഡ‍ിൽവച്ച് ആക്രമിച്ചത്. കുടുംബകാര്യത്തിൽ ഇടപെടാൻ നീയാരാടാ എന്ന് പറഞ്ഞ് തടഞ്ഞുനിര്‍ത്തിയായിരുന്നു മർദ്ദനം. ഇന്നലെ രാത്രി ഒന്പതിന് ആയിരുന്നു സംഭവം.