തിരുവനന്തപുരം : ആറ്റിൽച്ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയെ രക്ഷപ്പെടുത്താൻ മുന്നിട്ടിറങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്ക് മാനേജ്മെന്റിന്റെ ആദരം. 12നു രാവിലെ 9.30ന് ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ നിന്നാണ് പെൺകുട്ടി ആറ്റിലേക്കു ചാടിയത്. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കു പോയ ബൈപാസ് റൈഡർ എസി ബസിലെ കണ്ടക്ടർ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ എം.എൽ.ബിനോജ് കുമാറും ഡ്രൈവർ കെ.കെ. വേണുവും പെൺകുട്ടി ചാടുന്നതു കണ്ടയുടൻ ബസ് നിർത്തി.തുടർന്ന് യാത്രക്കാരായ പ്രണവും വിഷ്ണുവും ആറ്റിലേക്ക് ചാടി. ഇവരാണ് പെൺകുട്ടിയെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്. തൊട്ടു പിറകേ വന്ന ലോറിയിൽ നിന്നു കയർ ഇട്ട് കൊടുത്തെങ്കിലും ശ്രമം പരാജയപ്പെട്ടതിനാൽ വള്ളത്തിൽ കയറ്റിയാണ് പെൺകുട്ടിയെ കരയ്ക്കെത്തിച്ചത്. ഇതിൽ പ്രണവ് കായംകുളത്തു നിന്നു വൈറ്റിലക്കും വിഷ്ണു എറണാകുളത്തേക്കും പോകുകയായിരുന്നു. . പെൺകുട്ടിയെ പൊലീസിനു കൈമാറിയ ശേഷം ബസ് സർവ്വീസ് തുടർന്നു.