*ബീമാപ്പള്ളി ഉറൂസ് ഇന്ന് കൊടിയിറങ്ങും*

തിരുവനന്തപുരം ∙ പത്തു ദിവസം നീണ്ടു നിന്ന ബീമാപ്പള്ളി ഉറൂസ് ഇന്ന് കൊടിയിറങ്ങും. പുലർച്ചെ ഒന്നിന് ബീമാപ്പള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന നടത്തിയ ശേഷം നടത്തുന്ന പട്ടണ പ്രദക്ഷിണത്തോടെ ആണ് ഉറൂസിന് കൊടിയിറക്കുക. 

ജോനക പൂന്തുറ, മാണിക്യ വിളാകം. നൂറുൽ ഇസ്ലാം അറബിക് കോളജ് ജംക് ഷൻ, പത്തേക്കർ വഴി പ്രദക്ഷിണം ബീമാപ്പള്ളിയിലെത്തിയ ശേഷം ബീമാപ്പള്ളി ചീഫ് ഇമാം നജുമുദ്ദീൻ പൂക്കോയ തങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന. അന്നദാനത്തോടെ ഉറൂസ് സമാപിക്കും. ഇന്നലെ തിരുവനന്തപുരം സെൻട്രൽ ജൂമാ മസ്ജിദ് ചീഫ് ഇമാം നവാസ് മന്നാനി പനവൂർ മത പ്രഭാഷണത്തിന് ഒട്ടേറെ പേർ പങ്കെടുത്തു. 

സംസ്ഥാനത്തിനകത്തു പുറത്തും നിന്നുള്ള നൂറു കണക്കിന് വിശ്വാസികൾ ഉറൂസിൽ പങ്കെടുത്തതായി ജമാ അത്ത് ഭാരവാഹികൾ അറിയിച്ചു. ഉറൂസ് സമാപനത്തോടനുബന്ധിച്ച് ഇന്നലെ കോർപറേഷൻ പരിധിയിൽ സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് അറേബ്യയിൽ നിന്ന് ഇസ്ലാം മത പ്രചരണാ‍ർഥം തലസ്ഥാനത്ത് എത്തിയ ബീമാ ബീവിയെയും മകൻ മാഹീൻ അബൂബക്കറിനേയും കബറടക്കിയത് ബീമാപ്പള്ളിയിലാണെന്നാണ് വിശ്വാസം.