ജർമ്മൻ യുവാവിനും മലയാളി യുവതിക്കും പ്രണയസാഫല്യം ശിവഗിരിയിൽ

ജർമ്മൻ യുവാവ് മാർക്ക് ബ്രന്നർറ്റിൻ്റെയും വർക്കല സ്വദേശിനി അഭിറാണിയുടെയും വിവാഹത്തിന് ശിവഗിരി ശാരദാമഠം വേദിയായി. വെള്ളിയാഴ്ച (13/01/23) രാവിലെയായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെ വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത ആർഭാടരഹിതമായ വിവാഹമായിരുന്നു. മാർക്കിൻ്റെ അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. സഹോദരൻ അഭിമന്യുവിലൂടെ അഭിറാണിയും മാർക്കും പരിചയപ്പെടുകയും പ്രണയത്തിലാവുകയും, സമാന ചിന്താഗതിക്കാർ ആയതിനാലും ഇരുവരും ഒരുമിച്ച് ജീവിക്കുവാനുള്ള തീരുമാനം എടുക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു. മിശ്രവിവാഹിതർ കൂടിയായ അഭിറാണിയുടെ അച്ഛൻ സുനിൽകുമാറും മായാദേവിയും മകളുടെ ഇഷ്ടത്തിന് കൂടെ നിൽക്കുകയാണ് ഉണ്ടായത്. അങ്ങനെ അവർ ശിവഗിരിയുടെ മണ്ണിൽ വെച്ച് ഒന്നിക്കുകയുണ്ടായി. 

ശ്രീനാരായണധർമ്മസംഘം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വിവാഹത്തിന് കാർമികത്വം വഹിച്ചു. ധർമ്മ സംഘം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ നവ ദമ്പതികളെ അനുഗ്രഹിച്ചു. 

ശിവഗിരിയുടെ ചരിത്രം നോക്കിയാൽ ഇത് ആദ്യത്തെ സംഭവമല്ല എന്നു മാത്രമല്ല ഒരു നൂറു വർഷം മുമ്പു തന്നെ ഇതുപോലെ ഒരു സംഭവം അവിടെ നടന്നിട്ടുണ്ട്. കൊല്ലം പരവൂരുകാരനായ കരുണാകരനും ജർമനിക്കാരിയായ മാർഗരറ്റും തമ്മിൽ പ്രണയത്തിലാവുകയും അവരുടെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തെ യാഥാസ്ഥിതികരായ കരുണാകരൻ്റെ വീട്ടുകാർ എതിർക്കുകയും ചെയ്തു. ഒടുവിൽ എല്ലാവരും ശ്രീനാരായണഗുരുദേവനെ സമീപിച്ചു. ലോകത്തെ ഒന്നായ് കാണുന്ന ഗുരു വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കി അവർ "വിവാഹം കഴിക്കട്ടെ എന്നു പറഞ്ഞു." ശിവഗിരിയിലെ ശാരദാമഠത്തിൽ വെച്ച് ആ വിവാഹം ഗുരുതന്നെ നടത്തിക്കൊടുത്തു. കേരളത്തിൽ ഒരു ക്ഷേത്രത്തിൽ വെച്ച് നടക്കുന്ന ആദ്യ വിവാഹമായിരുന്നു അത്, അതും ഒരു മിശ്രവിവാഹം എന്നത് ശ്രദ്ധേയമാണ്. അതിനു ശേഷം ഗുരു ഇങ്ങനെ അഭിപ്രായപ്പെട്ടു: "പൗരസ്ത്യരും പാശ്ചാത്യരും തമ്മിൽ ഒന്നിക്കണം ജാതിമതഭേദങ്ങൾ ഇല്ലാതെയാകണം, മനുഷ്യകുലം ഒന്നാകണം." ഒരു ലോകഗുരുവിനേ ഇങ്ങനെ പറയാൻ കഴിയൂ. 

ഒരു നൂറു വർഷത്തിനു ശേഷവും ചരിത്രം ആവർത്തിക്കുകയാണ്. ഇത്തവണ മാർഗ്ഗരറ്റിന് പകരം മാർക്ക് ജർമ്മനിയിൽ നിന്നും വരുന്നു കരുണാകരനു പകരം പരവൂരുനിന്നും അല്പം ദൂരം മാത്രമുള്ള വർക്കലയിൽ നിന്നും അഭിരാമി വരുന്നു. അന്ന് വിവാഹത്തിന് വീട്ടുകാർ എതിർത്തെങ്കിൽ ഇന്നാകട്ടെ വീട്ടുകാർ തന്നെ വിവാഹം നടത്തിക്കൊടുക്കുന്നു.

ഈ വിവാഹം ഗുരുവിൻ്റെ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമായിരുന്നു. സഹോദരൻ അയ്യപ്പൻ്റെ നേതൃത്വത്തിൽ നടന്ന മിശ്രഭോജനത്തിന് ഗുരു എതിരാണ് എന്ന് വരുത്തി തീർക്കാനായി യാഥാസ്ഥിതികരായ ചിലർ വ്യാപകമായി ശ്രമിച്ചിരുന്നു. കുപ്രചരണം ശക്തിപ്പെട്ടപ്പോൾ അയ്യപ്പൻ 
സംശയനിവർത്തിക്കായി ഗുരുവിനെ സമീപിച്ചു. ഇതിനെ അനുകൂലിക്കുന്നുവെന്നും, വലിയൊരു പ്രസ്ഥാനമായി വളരുമെന്നും പറഞ്ഞ് ഗുരു അയ്യപ്പനെ പ്രോത്സാഹിപ്പിക്കുകയും 
ഒരു സന്ദേശം സ്വന്തം കൈപ്പടയിൽ എഴുതി നൽകുകയും ചെയ്തു. 

"മനുഷ്യരുടെ മതം, വേഷം,
ഭാഷ മുതലായവ എങ്ങിനെയിരുന്നാലും 
അവരുടെ ജാതി ഒന്നായതുകൊണ്ട്
അന്യോന്യം വിവാഹവും പന്തിഭോജനവും
ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല
-നാരായണഗുരു"

എന്നായിരുന്നു ഗുരു എഴുതി നൽകിയത്. ആ മഹാസന്ദേശത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ ചെറായിലും പരിസരപ്രദേശത്തും അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു.
"മനുഷ്യൻ ഒരു ജാതി" ആതായിരുന്നല്ലോ ഗുരുവിൻ്റെ കാഴ്ചപ്പാട്! മനുഷ്യർ ജാതിഭേദമില്ലാതെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് നൽകിയ സന്ദേശത്തിൽ മനുഷ്യൻ ഒരു ജാതിയായതുകൊണ്ട് രണ്ടു മനുഷ്യർക്ക് പരസ്പരം വിവാഹം കഴിക്കുന്നതിന് മതവും വേഷവും ഭാഷയുമൊന്നും തടസമല്ലെന്നു കൂടി ഗുരു പറഞ്ഞു വെക്കുന്നു. ഗുരുവിൻ്റെ തന്നെ ജാതിലക്ഷണം, ജാതിനിർണ്ണയം എന്നീ കൃതികളെ മുൻനിർത്തി നോക്കിയാലും മിശ്രവിവാഹം എന്ന ഒന്നില്ല, കാരണം മനുഷ്യൻ മനുഷ്യനെ വിവാഹം കഴിക്കുന്നത് എങ്ങനെയാണ് മിശ്ര വിവാഹമാകുന്നത്? അതുപോലെ മിശ്രഭോജന പ്രസ്ഥാനം പോലെ മിശ്രവിവാഹ പ്രസ്ഥാനവും വലിയൊരു പ്രസ്ഥാനമായി വളരണം എന്ന് ഗുരു ആഗ്രഹിച്ചിരുന്നു. 

"ജാതിഭേദം മതദ്വേഷം… മാതൃകാ സ്ഥനമാമിത്" എന്ന അരുവിപ്പുറം സന്ദേശത്തിലും മനുഷ്യകുലത്തിൻ്റെ ഏകതെയെക്കുറിച്ചാണ് ഗുരു പറയുന്നത്."

ഇത്രയും ലളിതമായി, ശാസ്ത്രീയമായി പറഞ്ഞിട്ടും നിർമ്മിത ബുദ്ധിയുടെ ഈ പരിഷ്കൃത സമൂഹത്തിലും മനുഷ്യർ മതവും ജാതിയും ജാതകവുമൊക്കെ നോക്കിയാണ് വിവാഹം കഴിക്കുന്നത് എന്നത് ഒരു വിരോധാഭാസമാണ്. എത്രയോ വിവാഹങ്ങളാണ് ഇപ്പോഴും ഇവയുടെയൊക്കെ പേരു പറഞ്ഞു നടക്കാതെ പോകുന്നത്. "ഹാ! തത്ത്വം വേത്തി കോഽപിന:" എന്ന ഗുരുവിൻ്റെ വിലാപം ഇവരെ ഓർത്തുകൂടിയാവാം.
രക്തശുദ്ധിവാദം എന്ന തീവ്രചിന്ത കൊണ്ട് പല ഗോത്രങ്ങളും സ്വഗോത്രങ്ങളിൽ നിന്നും മാത്രം വിവാഹം കഴിച്ചു പോന്നു. രക്തബന്ധമുള്ളവർക്കുണ്ടാകുന്ന കുട്ടികൾക്ക് വൈകല്യങ്ങൾ ഉണ്ടാകുന്നത് ഇത്തരം ഗോത്രങ്ങളിൽ സാധാരണമാണ്. അതിനാൽ ഇന്നും ശാസ്ത്രീയമായി നോക്കുമ്പോൾ മനുഷ്യനിർമ്മിതമായ ജാതിക്കും മതത്തിനും പുറത്തുനിന്നുമുള്ള വിവാഹം ഇത്തരം അപകടങ്ങളെ ഒഴിവാക്കുന്നു എന്നു കാണിച്ച് തരുന്നു. വർണ്ണസങ്കരം മനുഷ്യൻ അലഞ്ഞു തിരിഞ്ഞു നടന്ന കാലത്ത് വ്യാപകമായി സംഭവിച്ചതാണ് അതിനാൽ വർണ്ണസങ്കരം സംഭവിക്കാത്ത ഒരു മനുഷ്യരും ലോകത്തില്ല. മനുഷ്യർ ജാതിയും മതവും നോക്കാതെ വിവാഹം കഴിക്കാൻ തുടങ്ങിയാൽ ജാതിയും ജാതിഭേദവും മതദ്വേഷവും ഒരു പരിധിവരെ ഇല്ലാതെ ആകും. അതിനാൽ മിശ്രവിവാഹങ്ങൾ വ്യാപകമായി നടക്കേണ്ടതുണ്ട്. ശിവഗിരിയിൽ എണ്ണമറ്റ മിശ്രവിവാഹങ്ങൾ നടന്നിട്ടുണ്ട്, ഇന്നും നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. "മനുഷ്യനും മനുഷ്യനും തമ്മിൽ സാഹോദര്യമുതിക്കണം അതിനു വിഘാതമായുള്ളത് എല്ലാം ഇല്ലാതെ ആകണം" അതായിരുന്നു ഗുരുവിൻ്റെ മതം.!

🖋️ബ്രഹ്മചാരി സൂര്യശങ്കർ
ശിവഗിരി മഠം