ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശിയായ മണ്ണാർത്തൊടി വീട്ടിൽ അൽ അമീനാ(28)ണ് അറസ്റ്റിലായത്. 2021-ൽ അബുദാബിയിൽ ജോലി ചെയ്തിരുന്ന പ്രതി ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുമായി പരിചയപ്പെടുകയും തുടർന്ന് വിവാഹാഭ്യർഥന നടത്തി വീഡിയോ കോളിലൂടെയും മറ്റും യുവതിയുടെ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയുമായിരുന്നു. പ്രതിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ യുവതി പിന്നീട് ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചു. തുടർന്ന് പ്രതി യുവതിയുടെ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും അല്ലാത്തപക്ഷം രണ്ടുലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതിനെത്തുടർന്ന് ഇയാൾ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ ചാവക്കാട് സ്റ്റേഷനിലും വർക്കല സ്റ്റേഷനിലും സമാനസ്വഭാവമുള്ള കേസുകൾ നിലവിലുണ്ട്. മെഡിക്കൽ പരിശോധനയ്ക്കായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതിയുടെ ചിത്രം പകർത്താൻ മാധ്യമപ്രവർത്തകർ ശ്രമിക്കുന്നതിനിടെ എ.സി.വി. ഇരിങ്ങാലക്കുട ബ്യൂറോ റിപ്പോർട്ടർ രാഹുൽ അശോകന്റെ മൊബൈൽ തട്ടിപ്പറിച്ച് പ്രതി നിലത്തെറിഞ്ഞു.