തിരുവനന്തപുരം കരമനയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഭാര്യ കെഎസ്ആർടിസി ബസിടിച്ച് മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഭാര്യ കെഎസ്ആർടിസി ബസിടിച്ച് മരിച്ചു. കാക്കാമൂല സ്വദേശിയാണ് ലില്ലിയാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭർത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലയിലൂടെ ബസ് കയറിയിറങ്ങിയ ലിലി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. പുന്നമോട് ഗവ.ഹയർ സെക്കന്‍ററി സ്കൂൾ മുൻ അധ്യാപികയായിരുന്നു ലില്ലി. അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു . പാപ്പനങ്ങോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. രവീന്ദ്രന്‍റെ നില ഗുരുതരമല്ല. റിട്ടയേര്‍ഡ് ഗ്രേഡ് എസ്ഐ ആണ് രവീന്ദ്രൻ.

അതേസമയം, മലപ്പുറം പുതുപൊന്നാനിയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാർ യാത്രികനായ ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്. ഇയാളുടെ കൂടെ കാറിൽ ഉണ്ടായിരുന്ന ഇടുക്കി സ്വദേശികളായ അഞ്ച് പേർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് ഭാഗത്തേക്ക്‌ പോകുന്ന കാറും എതിരെ വരുന്ന ചരക്കു ലോറിയും പുതു പൊന്നാനി ഭാഗത്ത്‌ രാവിലെ ആറ് മണിയോടെയാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.