തിരുവനന്തപുരം: ഗതാഗത നിയന്ത്രണത്തിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പൊലീസ് പട്രോള്‍ സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്തും കൊച്ചി മോഡല്‍ ഹോവര്‍ ബോര്‍ഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ പട്രോളിംഗിന് ആലോചന. കൊച്ചിയില്‍ നിന്ന് സിറ്റി പൊലീസ് കമ്മിഷണറായി ചുമതലയേറ്റ സി.എച്ച്.നാഗരാജുവാണ് നഗരസുരക്ഷയ്ക്ക് ഹോവര്‍ ബോര്‍ഡ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സേവനം ഉപയോഗപ്പെടുത്തുന്ന പദ്ധതികളെപ്പറ്റി ആലോചന തുടങ്ങിയത്.
ജനസംഖ്യയ്ക്കും കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവിനും അനുസൃതമായി പൊലീസിന്റെ മാനവശേഷി ഫലപ്രദമായി വിനിയോഗിക്കാന്‍ ഹോവര്‍ ബോര്‍ഡ് സ്‌കൂട്ടറുകള്‍ പ്രയോജനപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ബൈക്ക്-ജീപ്പ് പട്രോളിംഗില്‍ ഒരേസമയം ഒന്നിലധികം പൊലീസുകാര്‍ ആവശ്യമായി വരുമ്പോള്‍ ഹോവര്‍ ബോര്‍ഡില്‍ പൊലീസുകാരെ ഒന്നിലധികം റൂട്ടുകളില്‍ പട്രോളിംഗിനായി നിയോഗിക്കാമെന്നതാണ് നേട്ടം. നഗരത്തില്‍ രാവിലെയും വൈകിട്ടും ഏറ്റവും തിരക്കുള്ള മാനവീയം വീഥി,വെളളയമ്പലം-കവടിയാര്‍-പേരൂര്‍ക്കട, പി.എം.ജി-പട്ടം, പട്ടം-കേശവദാസപുരം, കിഴക്കേകോട്ട-തമ്പാനൂര്‍, കിഴക്കേകോട്ട-പാളയം, പാറ്റൂര്‍-വഞ്ചിയൂര്‍-പടിഞ്ഞാറേക്കോട്ട, അട്ടക്കുളങ്ങര, പദ്മനാഭ സ്വാമി ക്ഷേത്ര പരിസരം, ചാല റോഡുകളിലാണ് തുടക്കത്തില്‍ ഹോവര്‍ ബോര്‍ഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ പരീക്ഷിക്കാന്‍ ആലോചിക്കുന്നത്.ബീക്കണ്‍ ലൈറ്റോ, സൈറണോ ഇല്ലാതെ ശബ്ദമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറില്‍ സദാ റോന്ത് ചുറ്റുന്ന പൊലീസുകാര്‍ക്ക് റോഡും പരിസരവും നിരീക്ഷിക്കാന്‍ ഇത് സഹായിക്കും. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കും വാഹനത്തിരക്കിനിടയിലൂടെ സുഗമമായി സഞ്ചരിക്കാമെന്നതിനൊപ്പം ആയാസമില്ലാതെ കൂടുതല്‍ ദൂരം സഞ്ചരിച്ച് നിരീക്ഷണം നടത്താനുമാവും. കൊച്ചിയില്‍ പദ്ധതി വിജയകരമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തലസ്ഥാനത്തേക്കുകൂടി വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നത്.