അനുസരണയുള്ള കൊക്കോട്ടോ തത്ത, പച്ചയും നീലയും നിറത്തിലുള്ള ഇഗ്വാനകള്‍ , എല്ലാവരോടും പെട്ടന്ന് ഇണങ്ങുന്ന ബോള്‍ പൈത്തന്‍, ഹെഡ്‌ഹോഗ് ( മുള്ളന്‍ പന്നി കുഞ്ഞുങ്ങള്‍ ) തുടങ്ങി വൈവിധ്യമുള്ള കാഴ്ചകളുമായി ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ പെറ്റ്‌ഷോ ശ്രദ്ധേയമാകുന്നു. കൃഷിവകുപ്പിന് കീഴില്‍ ആനയറയില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മാര്‍ക്കറ്റില്‍ നടക്കുന്ന ന്യൂ ഇയര്‍ ഫെസ്റ്റിന്റെ ഭാഗമായാണ് വളര്‍ത്തുമൃഗങ്ങളുടെ വിപണനവും പ്രദര്‍ശനവും ഒരുക്കിയിരിക്കുന്നത്.
ദിനോസറിന്റെ പരമ്പരയില്‍പെട്ട ഇഗ്വാനകള്‍ മേളയിലെ പ്രധാന ആകര്‍ഷണമാണ്. സെല്‍ഫിയെടുക്കാന്‍ ഡിമാന്‍ഡ് ഏറെയുള്ളതും ഇഗ്വാനകള്‍ക്കാണ് . ആഫ്രിക്കയില്‍ നിന്നുമുള്ള ബോള്‍ പൈത്തന്റെ വില 55,000 രൂപയാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഭക്ഷണം നല്‍കിയാല്‍ മതിയെന്നതും ഇതിന്റെ പ്രത്യേകതയാണ്. പാമ്പിനെ ഭയക്കാതെ കയ്യിലെടുക്കാനും സെല്‍ഫിയെടുക്കാനുമായി നിരവധി പേരാണ് പെറ്റ് ഷോ സന്ദര്‍ശിക്കുന്നത്.
വീട്ടില്‍ വളര്‍ത്താവുന്ന ഹെഡ്‌ഹോഗ് മുള്ളന്‍പന്നി കുഞ്ഞുങ്ങള്‍ കാഴ്ചയില്‍ വളരെ കൗതുകമുണര്‍ത്തുന്നു. രണ്ട് മുള്ളന്‍പന്നി കുഞ്ഞുങ്ങള്‍ 5000 രൂപയ്ക്ക് വാങ്ങാം. പൊതുവെ ശാന്ത സ്വഭാവക്കാരാണ് ഇവര്‍. അബിസീനിയന്‍ ഗിനി പന്നി കുഞ്ഞുങ്ങള്‍, പേര്‍ഷ്യന്‍ അലങ്കാര പൂച്ചകള്‍ , ഹങ്കെറിയന്‍ മിക്‌സ്, അമേരിക്കന്‍ ഫാന്‍ടൈല്‍ പ്രാവുകള്‍, അലങ്കാര മത്സ്യ കുഞ്ഞുങ്ങള്‍, തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് നവ്യാനുഭവം സമ്മാനിക്കുമെന്നതില്‍ സംശയമില്ല.വേള്‍ഡ് മാര്‍ക്കറ്റ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷനും കൃഷിവകുപ്പും സംയുക്തമായാണ് ന്യൂ ഇയര്‍ ഫെസ്റ്റ് പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. ജനുവരി 15ന് മേള സമാപിക്കും.