ഭക്ഷ്യവിഷബാധ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താൻ നടപടിയുമായി സംസ്ഥാന സർക്കാർ. ഹോട്ടലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി വൃത്തിയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് ‘ഹൈജീന്‍ റേറ്റിങ്’ ആപ്പ് പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഹോട്ടലുകളുടെ ശുചിത്വം ആപ്പിലൂടെ ജനങ്ങൾക്ക് റേറ്റിങിനു വിധേയമാക്കാൻ കഴിയും. നല്ല സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആപ്പിലൂടെ കഴിയുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മയൊണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നതു നിരോധിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. വെജിറ്റബിള്‍ മയൊണൈസ് അല്ലെങ്കില്‍ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് മാത്രമേ ഇനി വിതരണം ചെയ്യാന്‍ പാടുള്ളു.
ഹോട്ടലുകളിൽ നിന്ന് വിതരണം ചെയ്യുന്ന പാഴ്സലുകളിൽ ഭക്ഷണം വിതരണം ചെയ്ത സമയം രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധമാക്കും. എത്ര മണിക്കൂറിനകം ഭക്ഷണം ഉപയോഗിക്കാമെന്നു സ്റ്റിക്കറിൽ രേഖപ്പെടുത്തണം. ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കും. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പർവൈസർ ഉണ്ടാകണം.
ഓഡിറ്റോറിയങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്‍സുള്ള സ്ഥാപനങ്ങൾ മാത്രമായിരിക്കും. ഓഡിറ്റോറിയങ്ങളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണമേന്മ കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ എൻഫോഴ്സ്മെന്റ് നടപടികളും നോട്ടീസ് നൽകലും ഓൺലൈനിലൂടെ രേഖപ്പെടുത്തും. ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലാത്ത സ്ഥലമാണെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ഉദ്യോഗസ്ഥർ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. പരിശോധനാ നടപടികൾ ഓൺലൈനാകുന്നതോടെ കമ്മീഷണർക്കു വരെ തല്‍സമയം നടപടികൾ വിലയിരുത്താനും വീഴ്ചകൾ പരിഹരിക്കാനും കഴിയും.
തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകുന്നത് കർശനമായ മാനദണ്ഡങ്ങളോടെയാണെന്ന് ഉറപ്പാക്കും. സംസ്ഥാന തലത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. രഹസ്യ സ്വഭാവത്തിലായിരിക്കും ഫോഴ്സിന്റെ പ്രവർത്തനം. അതതു സ്ഥലങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഓഫീസറും ഈ സ്ക്വാഡിനൊപ്പം ഉണ്ടാകും. എല്ലാ സ്ഥാപനങ്ങൾക്കും ലൈസൻസും റജിസ്ട്രേഷനും നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.