നെടുമങ്ങാട് സഞ്ചരിക്കുന്ന മൃഗാശുപത്രി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും: മന്ത്രി ജി.ആര്‍ അനിൽ

നെടുമങ്ങാട് സഞ്ചരിക്കുന്ന മൃഗാശുപത്രി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. നാടിന്റെ ആവശ്യം കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മന്നൂര്‍ക്കോണം ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടത്തില്‍ സര്‍ക്കാര്‍ മൊബൈല്‍ വെറ്ററിനറി ആശുപത്രിയുടെ ക്യാമ്പ് ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രദേശത്ത് സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ നിശ്ചിത സമയത്ത് വരാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 24 മുതല്‍ നടക്കുന്ന കൃഷിദര്‍ശന്‍ പരിപാടിയില്‍, കൃഷി വകുപ്പ് മന്ത്രി കര്‍ഷകരുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മൃഗാശുപതിയുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. മുള്ളുവേങ്ങമൂട് ജങ്ഷനിലെ മണ്ണൂര്‍ക്കോണം ക്ഷീരോത്പാദന സഹകരണ സംഘത്തില്‍ എല്ലാ ചൊവ്വാഴ്ച്ചകളിലും ക്യാമ്പ് പ്രവര്‍ത്തിക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ മൃഗാശുപത്രിയില്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ക്യാമ്പില്‍ ലഭ്യമാക്കും. സീനിയര്‍ വെറ്ററിനറി സര്‍ജനും, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറും ഒരു അറ്റന്‍ഡന്റും ഉണ്ടാകും. പശുക്കള്‍ക്കുള്ള വാക്‌സിനേഷനടക്കുമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ കര്‍ഷകരായ സമീപവാസികള്‍ക്ക് ഏറെ ആശ്വാസമാകും ഈ ക്യാമ്പ്. 

മുള്ളുവേങ്ങമൂട് ജങ്ഷനില്‍ നടന്ന പരിപാടിയില്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീജ, മന്നൂര്‍ക്കോണം വാര്‍ഡ് കൗണ്‍സിലര്‍ ബീനബീവി റ്റി.എം, മറ്റ് രാഷ്ട്രീയപ്രവര്‍ത്തകള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു