തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ ടെക്നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടറായി ഡോ.അനിത തമ്പി ചുമതലയേറ്റു. വൈവിധ്യമാര്‍ന്ന മേഖലകളില്‍ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ഡോ.അനിത തമ്പി എച്ച്എല്‍എല്‍ കോര്‍പ്പറേറ്റ് ആര്‍&ഡി വൈസ് പ്രസിഡന്റായും എച്ച്എല്‍എല്‍ അക്കാദമിക് വിഭാഗമായ എച്ച്എല്‍എല്‍ മാനേജ്‌മെന്റ് അക്കാദമിയുടെ സി.ഇ.ഒയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഗോവ ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ (ജിഎപിഎല്‍) സി.ഇ.ഒയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള സര്‍വ്വകലാശാലയില്‍ നിന്നും കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ഐഐടി മുംബൈയില്‍ നിന്ന് എം ടെക്കും പിഎച്ച്ഡിയും കരസ്ഥമാക്കി.
1991ല്‍ എച്ച്എല്‍എല്‍ എക്സിക്യൂട്ടീവ് ട്രെയിനിയായി സേവനമാരംഭിക്കുകയും ഓപ്പറേഷന്‍സ്, ആര്‍&ഡി, സോഷ്യല്‍ പ്രോജക്ടുകള്‍, തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. എച്ച്.എല്‍.എല്ലിന്റെ മെന്‍സ്ട്രല്‍ കപ്പ് വിതരണവും ആര്‍ത്തവ ബോധവത്കരണ പദ്ധതിയുമായ 'തിങ്കള്‍' അവതരിപ്പിച്ചു നടപ്പിലാക്കുന്നതിന് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.
ഇതിനുപുറമെ, സാഹിത്യരംഗത്ത് കവയിത്രി ഉപന്യാസകര്‍ത്താവ് വിവര്‍ത്തക എന്നീ മേഖലയിലും പ്രശസ്തയാണ് ഡോ.അനിത തമ്പി. 2021-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹയായിട്ടുണ്ട്. ഭര്‍ത്താവ് ശ്രീ.അജയകുമാര്‍ ഏണസ്റ്റ് & യങ്ങിന്റെ സീനിയര്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്നു. മകള്‍ മീനാക്ഷി.