കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാറില്‍ അപ്രതീക്ഷിത അതിഥികളായി തമിഴ്‌നാട് ഉദ്യോഗസ്ഥ സംഘം. ബ്ലോക്കിലെ വികസന പ്രവര്‍ത്തനങ്ങളെ പറ്റി പഠിക്കാന്‍ എത്തിയ സംഘമാണ് വികസന സെമിനാറിലും പങ്കെടുത്തത്. തമിഴ്‌നാട്ടിലെ അഡിഷണൽ ഡയറക്ടർ,രണ്ട് അഡിഷണല്‍ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 12 പേരാണ് ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയത്. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാര്‍ ഒ.എസ്. അംബിക എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മികച്ച രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ലൈഫ് ഭവന പദ്ധതി, കുടുംബശ്രീയുടെ പ്രവര്‍ത്തനം എന്നിവ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് തമിഴ്‌നാട് ഉദ്യോഗസ്ഥസംഘം എത്തിയത്. തമിഴ്‌നാട്ടിലെ അഡീഷണല്‍ കളക്ടര്‍മാരായ വീര്‍ പ്രതാപ് സിംഗ്, ചിത്ര വിനയന്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടായിരുന്നു.
ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി, പൊതു കളിസ്ഥലങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ബൃഹത് പദ്ധതി എന്നിവക്കാണ് വരും വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നത്. ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള ജീവിതശൈലി രോഗനിര്‍ണയം, പള്ളിക്കല്‍ സി. എച്ച്. സിയുടെ വികസനം, ലഹരി വിമുക്ത സമൂഹത്തിനായി പ്രത്യേക പദ്ധതിയും ബോധവല്‍ക്കരണവും, അതി ദരിദ്രരുടെ ഉന്നമനത്തിനായുള്ള പ്രത്യേക പദ്ധതികള്‍ എന്നിവയും ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക വികസന പദ്ധതിയില്‍ ലക്ഷ്യമിടുന്നുണ്ട്. സെമിനാറുമായി ബന്ധപ്പെട്ട വാര്‍ഷിക പദ്ധതിയുടെ കരട് രേഖ ഒ.എസ് അംബിക എം.എല്‍.എ യില്‍ നിന്ന് ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.