വിഴിഞ്ഞത്ത് ആളിക്കത്തുന്ന തീ, ഒന്നുമറിയാതെ തൊട്ടടുത്ത് ഉറങ്ങിക്കിടന്ന് ഷറഫുദ്ദീൻ: പുതുജീവൻ നൽകി അഗ്നിശമന സേന

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആളിക്കത്തുന്ന തീ കൂനയ്ക്ക് ഇടയിൽ അകപ്പെട്ട വൃദ്ധന് അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിൽ പുതുജീവൻ. വൃദ്ധൻ രക്ഷപ്പെട്ടത് തീ ശരീരത്തിലേക്ക് പടരുന്നതിന് തൊട്ടു മുൻപായിരുന്നു. പ്രഥമശുശ്രൂഷ നൽകി വൃദ്ധനെ സേനാംഗങ്ങൾ വീട്ടിൽ എത്തിച്ചു. വിഴിഞ്ഞം തൈവിളാകം സ്വദേശി ഷറഫുദ്ദീനാണു അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിൽ പുതുജീവൻ ലഭിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിഴിഞ്ഞം സർകാർ ഇൻസ്പക്ഷൻ ബംഗ്ലാവിന് സമീപമുള്ള കുറ്റികാടിന് തീപിടിച്ചത്. തീ ആളി പടർന്നതോടെ നാട്ടുകാർ വിഴിഞ്ഞം അഗ്നിശമന സേനയെ അറിയിച്ചു. ഉടൻ നിലയത്തിൽ നിന്ന് സേനാംഗങ്ങൾ സ്ഥലത്തെത്തി. തീ ആളി കത്തുന്നതിനാൽ ഒരു വശത്ത് നിന്ന് തീ കെടുത്തി മുന്നോട്ട് പോകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു വൃദ്ധൻ അബോധാവസ്ഥയിൽ കിടക്കുന്നത് അഗ്നിശമന സേനാംഗങ്ങൾ കാണുന്നത്. അപ്പോഴേക്കും ഇയാൾക്ക് സമീപം വരെ തീ എത്തിയിരുന്നു. ഉടൻ സേനാംഗങ്ങൾ ഇദ്ദേഹത്തെ ചുമന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പ്രഥമ ശുശ്രൂഷ നൽകി. എങ്ങനെ അവിടെ എത്തി എന്ന ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായി ആണ് ഇദേഹം മറുപടി പറഞ്ഞത് എന്ന് സേനാംഗങ്ങൾ പറഞ്ഞു. അഡ്രസ് ചോദിച്ച് മനസിലാക്കിയ സേനാംഗങ്ങൾ ഇദ്ദേഹത്തെ വീട്ടിൽ എത്തിച്ചു. ജീവൻ തിരിച്ച് കിട്ടിയ സന്തോഷത്തിൽ ഷറഫുദ്ദീനും ഒരു ജീവൻ രക്ഷിച്ച സന്തോഷത്തിൽ അഗ്നിശമന സേനാ ഉദ്യോഗസ്ഥരും മടങ്ങി. വിഴിഞ്ഞം അഗ്നിശമന സേന സ്റ്റേഷൻ ഓഫിസർ അജിത്ത് പി കെ, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ അലി അക്ബർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രാജേഷ്, സന്തോഷ്, അനുരാജ്, അഖിൽ, ബൈജു എന്നിവരാണ് ഇവിടുത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.