വാഹനങ്ങളില്‍ ബോര്‍ഡുപയോഗിക്കാവുന്ന ഔദ്യോഗിക പദവികള്‍ പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പുറമേ ഔദ്യോഗിക ബോര്‍ഡ് വയ്ക്കുന്നതിനുള്ള അധികാരം സ്പെഷല്‍ സെക്രട്ടറിക്ക് മുകളിലായി പരിമിതപ്പെടുത്താനാണ് ആലോചിക്കുന്നത്. അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ സീരിസുകള്‍ കൊണ്ടുവരാനും നടപടി തുടങ്ങി. ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തടയാനാണ് പുതിയ നീക്കം.
നിലവില്‍ സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളില്‍ റാങ്കുള്ളവര്‍ക്ക് സ്വന്തം കാറില്‍ ബോര്‍ഡ് വയ്ക്കാമായിരുന്നു. ഇതാണ് സ്പെഷല്‍ സെക്രട്ടറി റാങ്കിനു മുകളിലേക്ക് പരിമിതപ്പെടുത്തുന്നത്. മാത്രമല്ല, മറ്റേതെല്ലാം പദവികള്‍ക്ക് ബോര്‍ഡ് വയ്ക്കാമെന്നുള്ളതും പ്രത്യേക ഉത്തരവായി ഇറങ്ങും. നിയമം തെറ്റിക്കുന്നവര്‍ക്ക് വകുപ്പ് തല നടപടിയുള്‍പ്പെടെ ഏറ്റുവാങ്ങേണ്ടി വരും.
ഇതു കൂടാതെ വാഹനങ്ങള്‍ക്ക് പ്രത്യേക സീരീസും കൊണ്ടു വരുന്നുണ്ട്. നിലവില്‍ കെഎല്‍ 15 കെഎസ്ആര്‍ടിസി ബസുകള്‍ക്കുള്ള നമ്പരാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കിനി കെഎല്‍ 15 എഎയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കെഎല്‍ 15 എബിയും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് കെഎല്‍ 15 എസിയും ആയിരിക്കും. ഇതിനായി മോട്ടര്‍ വാഹനചട്ടം ഭേദഗതി ചെയ്യും. ഓരോ വകുപ്പിന്‍റെ പേരില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സംസ്ഥാനത്ത് എത്ര വാഹനങ്ങള്‍ ഉണ്ടെന്നുള്ള കണക്ക് ഇപ്പോഴില്ല. കൃത്യമായ വാഹനങ്ങളുടെ കണക്കും ഇതോടെ നിലവില്‍ വരും.