കൊച്ചി: ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കണ്ടെത്തി. തറനിരപ്പിൽ നിന്ന് എട്ട് അടിയോളം ഉയരത്തിലാണ് വിള്ളൽ. വിശദമായ പരിശോധന നടത്തിയതായും തൂണിന്‍ ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെ എം.ആർഎൽ പ്രതികരിച്ചു. ആലുവ ബൈപ്പാസിനോട് ചേർന്നുള്ള പില്ലർ നമ്പർ 44 ലാണ് തൂണിൽ വിള്ളൽ കണ്ടത്. തൂണിന്‍റെ പ്ലാസ്റ്ററിംഗിലാണ് വിടവ്. മാസങ്ങൾക്ക് മുൻപെ ചെറിയ രീതിയിൽ തുടങ്ങിയ വിള്ളൽ കൂടി വരുന്നതായി സംശയിക്കുന്നുവെന്ന കാര്യം നാട്ടുകാരാണ് ശ്രദ്ധയിൽപ്പെടുത്തിയത്.അതേസമയം മറ്റ് തൂണുകൾക്കൊന്നും ഈ പ്രശ്നമില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും വിശദമായ പരിശോധന നടത്തിയതായും കെഎംആർഎൽ പ്രതികരിച്ചു. പ്ലാസ്റ്ററിംഗിൽ ഉണ്ടായ വിടവാണെന്നും തൂണിന് ഒരു ബലക്ഷയവും ഇല്ലെന്നുമാണ് കെഎംആർഎല്ലിന്‍റെ വിശദീകരണം. ഇടപ്പള്ളി പത്തടിപ്പാലത്ത് തൂണിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് മെട്രോ സർവ്വീസിനെ ഒരു മാസത്തോളം ബാധിച്ചിരുന്നു. കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നും സംഭവം. പരിശോധന പൂർത്തിയാകും വരെ വേഗത കുറച്ചായിരുന്നു ഈ ഭാഗങ്ങളിൽ സർവ്വീസ്. അന്തിമ പരിശോധന പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ സാധാരണ വേഗതയിലേക്ക് ഈ ഭാഗത്ത് മെട്രോ സർവ്വീസ് എത്തുമെന്നും മെട്രോ കമ്പനി അറിയിച്ചു. പരിശോധന പൂർത്തിയാകും വരെ വേഗത കുറച്ചായിരുന്നു ഈ ഭാഗങ്ങളിൽ സർവ്വീസ്. അന്തിമ പരിശോധന പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ സാധാരണ വേഗതയിലേക്ക് ഈ ഭാഗത്ത് മെട്രോ സർവ്വീസ് എത്തുമെന്നും മെട്രോ കന്പനി അറിയിച്ചു. അതിനിടെ കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമ്മാണം വേഗത്തിലാക്കുകയാണ് കെഎംആർഎൽ. മാർച്ച് മാസത്തിൽ തന്നെ രണ്ടാം ഘട്ടം നിർമ്മാണം തുടങ്ങാനാണ് ശ്രമം. പദ്ധതിയുടെ ജനറൽ കണ്‍സൾട്ടന്‍റിനെ ഈ മാസം 15ന് തീരുമാനിക്കും. മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കലിലാണ് കാലതാമസം നേരിടുന്നത്. രണ്ട് വർഷം കൊണ്ട് രണ്ടാം ഘട്ടം പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോ രണ്ടാം ഘട്ടം പദ്ധതിക്കുള്ള കേന്ദ്ര ഉത്തരവ് വന്നതോടെയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുന്നോട്ട് പോകുന്നത്. എന്നാൽ കെഎംആർഎല്ലിന് മുന്നിലുള്ള പ്രധാന കടമ്പ ഫണ്ടിംഗാണ്. പുതിയ നിക്ഷേപകർ ആരെന്നതിലും വരും ദിവസങ്ങളിൽ തീരുമാനമാകുമെന്ന് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറയുന്നു.