തമ്പാനൂരില്‍ ബഹുനില പാര്‍ക്കിംഗ് ഉടന്‍ വരും

തിരുവനന്തപുരം> തമ്പാനൂരില്‍ റെയില്‍വേ സ്റ്റേഷന്റെ എതിര്‍വശത്ത് കോര്‍പറേഷന്‍ നിര്‍മിക്കുന്ന ആധുനിക മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രം ഫെബ്രുവരി പകുതിയോടെ പ്രവര്‍ത്തന സജ്ജമാകും. സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരത്തിനാണ് നിര്‍മാണച്ചുമതല. നാനൂറോളം ഇരുചക്ര വാഹനവും 22 കാറും പാര്‍ക്ക് ചെയ്യാനാകും. സ്ത്രീകളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ക്രമീകരണമുണ്ടാകും. കോര്‍പറേഷന്റെ 50 സെന്റ് സ്ഥലത്ത് 18.89 കോടി ചെലവഴിച്ചാണ് നിര്‍മാണം. വൈദ്യുത വാഹന ചാര്‍ജിങ് സൗകര്യം, നിരീക്ഷണത്തിന് സിസിടിവി കാമറ എന്നിവയും ഏര്‍പ്പെടുത്തും. മൊബൈല്‍ ആപ്പിലൂടെയുള്ള ഡിജിറ്റല്‍ പാര്‍ക്കിങ് സേവനവും ലഭ്യമാക്കും. ഇതോടെ പാര്‍ക്കിങ് സ്ലോട്ടിന്റെ ലഭ്യതയും എണ്ണവും ഉപയോക്താവിന് അറിയാം. പേയ്‌മെന്റും ഡിജിറ്റലായി നടത്താം. ഏഴുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.

 അഞ്ചുനിലകളില്‍ പാര്‍ക്കിങ്ങും മുകള്‍ നിലകളില്‍ ഓഫീസ് കോംപ്ലക്സും പ്രവര്‍ത്തിപ്പിക്കും. നഗരത്തില്‍ ഇരുചക്രവാഹന യാത്രികരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അവര്‍ക്ക് പ്രാധാന്യം കൊടുക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് പറഞ്ഞു. മൂന്ന് കേന്ദ്രങ്ങള്‍ പരി?ഗണനയില്‍ പാളയം, പുത്തരിക്കണ്ടം, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും കോര്‍പറേഷന്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒരുക്കും. പാളയത്ത് സാഫല്യം കോംപ്ലക്‌സിന്റെ പിന്നില്‍ നിര്‍മിക്കുന്ന പാര്‍ക്കിങ് കേന്ദ്രത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നു. സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴിലുള്ള പദ്ധതിക്ക് 32 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുത്തരിക്കണ്ടം, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അമൃത് പദ്ധതിയുടെ ഭാഗമായാണ് പാര്‍ക്കിങ് കേന്ദ്രം നിര്‍മിക്കുക.