കാസർകോട് : കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാസർകോട് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബർ 31 നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്.ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓർഡർ നൽകിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ച മറ്റു ചിലർക്കും സമാനമായ രീതിയിൽ ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു. നിലവിൽ അവരുടെ ആരോഗ്യ സ്ഥിതിയിൽ നിലവിൽ പ്രശ്നങ്ങളില്ല. ഒരാഴ്ചക്കിടെ രണ്ട് പേരാണ് സമാനമായ രീതിയിൽ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്. സംസ്ഥാന വ്യാപമായി ഹോട്ടലുകളിൽ പരിശോധന തുടരുന്നതിനിടെയാണ് രണ്ടാമത്തെ മരണമുണ്ടായത്. ഭക്ഷ്യ വിഷബാധയെന്ന വിവരം പുറത്ത് വന്നതോടെ ഹോട്ടലിൽ സുരക്ഷാ വിഭാഗം പരിശോധന ആരംഭിച്ചു.അതിനിടെ, കാസർക്കോട്ടെ ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തിൽ കർശന നടപടി എടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. കണ്ണൂരിലെയും കാസർക്കോട്ടെയും ഉദ്യോഗസ്ഥരോട് പെൺകുട്ടി ഭക്ഷണം വാങ്ങിയ ഹോട്ടലിലെത്തി പരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഭക്ഷ്യാസുരക്ഷാ നിയമം ഉണ്ടായിട്ടും ഭക്ഷ്യവിഷബാധ മൂലം ആളുകൾ മരിച്ചതിന് ഒരു ഹോട്ടലുടമപോലും സംസ്ഥാനത്ത് ഇത് വരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസുകളുടെ തീർപ്പ് വൈകുന്നതാണ് ഇതിന് കാരണമെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മീഷൺർ വിആർ വിനോദ് വിശദീകരിക്കുന്നത്.