തലസ്ഥാനത്തെ ഗുണ്ടാപ്പോര്; ഓം പ്രകാശ് നേരിട്ട് ക്വട്ടേഷനിറങ്ങുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം, പൊലീസിന് വീഴ്ച

തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞദിവസമുണ്ടായ ഗുണ്ടാ ചേരിപ്പോരിലെ പ്രതികളായ ഓം പ്രകാശ് അടക്കമുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒരിടവേളക്ക് ശേഷമാണ് ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ വധശ്രമത്തിന് കേസെടുക്കുന്നത്. എട്ടു പ്രതികളും ഒളിവിലാണെന്ന് പറയുമ്പോഴും ഗുണ്ടാ സംഘങ്ങളുടെ ആക്രമണം ചെറുക്കുന്നതിൽ പൊലീസിന് വീഴ്ചയാണുണ്ടായത്.  തലസ്ഥാനത്തെ അറിയപ്പെട്ടിരുന്ന ഗുണ്ടാനേതാവായ ഓംപ്രകാശ് സമീപകാലത്ത് അക്രമ സംഭവങ്ങളിലൊന്നും സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ ജയിൽ ശിക്ഷക്ക് ശേഷം ഓം പ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസ പാറ്റൂരിൽ വെച്ച് ബിൽഡേഴ്സ് ഉടമയും നിധിനെ ഓംപ്രകാശ് അടക്കം എട്ടുപേർ ചേർന്ന് ആക്രമിച്ചെന്നാണ് കേസ്. നിധിൻറെ കീഴിലും ഗുണ്ടാ സംഘം പ്രവർത്തിക്കുന്നുണ്ട്. ഓം പ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ചേരിതിരിഞ്ഞുള്ള അക്രമത്തിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഓം പ്രകാശിനൊപ്പമുള്ള മേട്ടുക്കട സ്വദേശി ആരിഫിനെറ വീട്ടിൽ കയറി നിധിനും സംഘവും അതിക്രമിച്ചെന്നും ഇതിനുള്ള തിരിച്ചടിയായിരുന്നു പാറ്റൂരിലെ ആക്രമണം. നിധിനും സുഹത്തുക്കളായ പ്രവീണ്‍, ടിറ്റു ശേഖർ, ആദിത്യ എന്നിവർ ഇന്നോവ വാഹനത്തിൽ സ‌ഞ്ചരിക്കുമ്പോഴാണ് ആരിഫിൻെറ നേതൃത്വത്തിൽ വാഹനം തടഞ്ഞ് ആക്രമിച്ചത്. സംഘത്തിൽ ഓം പ്രകാശമുണ്ടായിരുന്നുവെന്ന നിധിൻെറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഓം പ്രകാശിനെ എട്ടാം പ്രതിയാക്കിയത്. നിധിനെയും സംഘത്തെയും വെട്ടിയ ശേഷം അക്രമിസംഘം ഉടൻ രക്ഷപ്പെട്ടു. രണ്ടു വാഹനങ്ങളിലായി അക്രമിസംഘം പല സ്ഥലങ്ങളിൽ കറങ്ങുന്നതായി പൊലീസിന് വിവരമുണ്ട്. ഓം പ്രകാശ് സ്വന്തം പേരിലുള്ള സിംകാ‍ർഡ് ഉപയോഗിക്കാത്തത് പൊലീസിനെ വലയ്ക്കുന്നുണ്ട്. ചില പ്രതികള്‍ കീഴടങ്ങാനുള്ള നീക്കവും നടത്തുന്നുണ്ടെന്നാണ് സൂചന. അതേ സമയം അക്രമം നടയുന്നതിൽ പൊലീസിൻെറ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായി. ഓം പ്രകാശ് നിധിനെ അപായപ്പെടുത്തുമെന്ന് ഒരു ഊ‍മകത്ത് തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിൽ നേരത്തെ ലഭിച്ചിരുന്നു. ഇതിനു ശേഷം നിധിനെ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരിക്കി വിട്ടയച്ചു.അതിനു ശേഷവം സിറ്റി പൊലീസോ റൂറൽ പൊലീസോ ജാഗ്രതയൊന്നും സ്വീകരിച്ചില്ല. ഇതിനിടെയാണ് ഓം പ്രകാശിൻെറ സംഘത്തിലെ ആരിഫിൻെറ വീട്ടിൽ കയറി നിധിൻ ആക്രണം നടത്തിയത്. നിരവധിക്കേസിൽ പ്രതിയായ ആരിഫ് തിരിച്ച് ആക്രമിക്കുമെന്ന് അറിയാമയിരുന്നിട്ടും അന്ന് രാത്രി പൊലീസ് ജാഗ്രത കാണിച്ചില്ല. രണ്ട് സംഘങ്ങളും എവിടെയൊക്കെയാണെന്ന് മനസിലാക്കി മുൻകരുതലെടുക്കാൻ പൊലീസ് ശ്രമിച്ചില്ല. പരസ്പരം പകതീർക്കാൻ നഗരത്തിൽ കറങ്ങി നടന്ന സംഘങ്ങള്‍ ഒടുവിൽ ഏറ്റുമുട്ടുകയായിരുന്നു.