തിരുവനന്തപുരം കാരക്കോണത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. കാരക്കോണം പിപിഎം എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുകയറ്റാന്‍ ശ്രമിച്ചെന്നാണ് പരാതി.ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി കുന്നത്തുകാല്‍ മാണിനാട് റോഡില്‍ വച്ചാണ് എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കാരക്കോണം പിപിഎം എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യര്‍ത്ഥി കാര്‍ത്തിക് നെയാണ് ബൈക്കിലെത്തിയ സംഘം തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്. എതിര്‍ ദിശയില്‍ നിന്നും ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടു പേര്‍ വീട്ടില്‍ കൊണ്ട് വിടാം എന്ന് പറഞ്ഞ് വണ്ടിയില്‍ പിടിച്ചു കയറ്റാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.കൂടെ പോകാന്‍ വിസമ്മതിച്ചതോടെ ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്നയാള്‍ വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുന്നിടെ മറ്റ് വാഹനങ്ങള്‍ വന്നതോടെയാണ് സംഘം കടന്നുകളഞ്ഞത്. സംഭവത്തില്‍ രക്ഷിതാക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കി.