പ്രവാസി ഭാരതീയ ദിവസ് ആചരണത്തോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് പുന:പ്രസിദ്ധീകരിച്ച നോർക്ക ന്യൂസ് ലെറ്ററിന്റെ പ്രകാശനം ഇൻഡോറിൽനടന്നു. പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ നടക്കുന്ന ബൃല്യന്റ് സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫ് അലി പ്രകാശന കർമ്മം നിർവ്വഹിച്ചു. കഴിഞ്ഞ വർഷം നോർക്ക റൂട്ട്സ് നേടിയ പ്രധാന നേട്ടങ്ങൾ ഉൾപ്പെടുത്തിയ "Norka at a Glance " എന്ന കലണ്ടറിന്റെ പ്രകാശനവും യൂസഫ് അലി നിർവ്വഹിച്ചു. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണൻ ന്യൂസ് ലെറ്ററിന്റേയും കലണ്ടറിന്റേയും ആദ്യ പതിപ്പുകൾ ഏറ്റുവാങ്ങി.
മലയാളി പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന ക്ഷേമപ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും ഇതര സംസ്ഥാനങ്ങൾക്ക് ഇവ മാതൃകയാക്കാവുന്നതാണെന്നും എം.എ യൂസഫ് അലി പറഞ്ഞു. നോർക്കയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ക്ഷേമപദ്ധതികളെക്കുറിച്ചും പ്രവാസലോകത്തിന് അറിവ് പകരാൻ നോർക്ക ന്യൂസ് ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനേഴാമത് പ്രവാസി ഭാരതീയ സമ്മേളനം നടക്കുന്ന വേദിയിൽ തന്നെ നോർക്ക ന്യൂസ് ലെറ്ററും അച്ചീവ്മെന്റ്സ് കലണ്ടറും പ്രകാശനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാൻ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, നോർക്ക റൂട്ട്സ് പി.ആർ.ഒ. ഡോ. അഞ്ചൽ കൃഷ്ണകുമാർ, എൻ.ആർ.കെ. ഡെവലപ്മെന്റ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ, പ്രവാസി മലയാളി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.