ജില്ലാ സെക്രട്ടറിയായാലും വർക്കല മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കും; വി. ജോയ്

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായെങ്കിലും മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കുമെന്ന് വർക്കല അസംബ്ലി മണ്ഡലത്തിലെ എം.എൽ.എയായ വി. ജോയ്. പാർട്ടിയിൽ തെറ്റുതിരുത്തൽ അനസ്യൂതം തുടരുകയാണ്. മുൻപും അങ്ങനെ തന്നെയായിരുന്നു. തിരുവനന്തപുരത്തേത് സുശക്തമായ കെട്ടുറപ്പുള്ള പാർട്ടിയാണ്. പാർട്ടിയിലെ വർഗ ബഹുജന സംഘടനകളിൽ ലക്ഷക്കണക്കിന്ന് അംഗങ്ങളുണ്ട്. അവരിൽ ചിലരിൽ നിന്ന് പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. അത് കൊണ്ടാണ് ചിലർക്കെതിരെ നടപടിയെടുത്തത്. തെറ്റുതിരുത്തി ഇനിയും മുന്നോട്ട് പോകും. എസ്.എഫ്.ഐ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവമായ വീഴ്ചയാണെന്നും അതിനെ ഗൗരവമായി കണ്ട് തന്നെയാണ് നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ പേരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പാർട്ടിക്കാകെ മോശം പ്രതിച്ഛായ നൽകുന്നു. അത് പരിഹരിച്ച് മുന്നോട്ടുപോകും. ജില്ലാ സെക്രട്ടറി മാറ്റത്തിൽ അസ്വാഭാവികതയൊന്നുമില്ല. ഇപ്പോൾ അനുയോജ്യമായ സമയമാണെന്ന് കണ്ടു. അങ്ങനെയാണ് പുതിയ ജില്ലാ സെക്രട്ടറിയായത്. സെക്രട്ടറിയെ തീരുമാനിക്കുന്നത് അനന്തമായി നീട്ടേണ്ടന്നത് ഉപരി കമ്മിറ്റിയുടെ തീരുമാനമായിരുന്നു.എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന സമ്മേളത്തിന് ശേഷം ആനാവൂര്‍ നാഗപ്പനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുത്തിരുന്നു. ആ സമയത്ത് തന്നെ ആനാവൂര്‍ നാഗപ്പനെ സ്ഥാനം ഒഴിയേണ്ടതായികരുന്നു. എന്നാല്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള കടുത്ത വിഭാഗീതയാണ് തടസമായത്. അതുകൊണ്ടുതന്നെ ആനാവൂര്‍ നാഗപ്പന് പകരം മറ്റൊരു സെക്രട്ടറിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളുടെ യോഗത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദവും സിപിഐഎമ്മിന്റെ പോഷക സംഘടനകളിലെ പ്രശ്‌നങ്ങളും വലിയ വിവാദങ്ങളായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ആനാവൂര്‍ നാഗപ്പനെ സ്ഥാനത്ത് നിന്ന് മാറ്റി വി. ജോയിയെ നിയമിച്ചത്.