ഫ്രിജിൽ നിറയെ പാറ്റകൾ, ഉദ്യോഗസ്ഥർ കൊണ്ടു വന്നതാണെന്ന് ഹോട്ടൽ ഉടമ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഇങ്ങനെ

തിരുവനന്തപുരം• ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയുടെ ഭാഗമായി അട്ടക്കുളങ്ങര ബുഹാരി ഹോട്ടൽ, മെഡിക്കൽ കോളജ് കീർത്തി ഹോട്ടൽ, ഇടിച്ചക്കപ്ലാമൂട് ആസാദ് ബി6, കുമാരപുരം മലബാർ ഫാമിലി റസ്‌റ്റോറന്റ്, പിരപ്പൻകോട് പുളിമൂട് ഹോട്ടൽ, പിരപ്പൻകോട് എന്റെ കൃഷ്ണ ബേക്കറി, ശ്രീകണേ്ഠശ്വരം വെട്ടുകാട്ടിൽ ഹോംമീൽസ്, നെയ്യാറ്റിൻകര ഹോട്ടൽ ഉഡുപ്പി, പാറശ്ശാല ഹോട്ടൽ ദേവ, കടയ്ക്കാവൂർ മീനൂസ് റസ്‌റ്റോറന്റ്, വെമ്പായം മാണിക്കൽ റസ്‌റ്റോറന്റ് എന്നിവ അടപ്പിച്ചു.മിക്കയിടത്തും അടുക്കളയും സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറികളും ഭക്ഷണം കഴിക്കുന്ന ഇടവും വൃത്തിഹീനമാണെന്ന് കണ്ടെത്തി. പലയിടത്തും മാലിന്യം ശേഖരിക്കുന്ന ബിന്നുകൾ തുറന്നുവച്ച നിലയിലായിരുന്നു . നിലം വൃത്തിയാക്കാതെ ചെളിവും വെള്ളവും കലർന്ന് മലിനമായിരുന്നു. അനുമതിയില്ലാതെ അജിനോമോട്ടോ ഉൾപ്പടെയുള്ള രാസപദാർഥം സൂക്ഷിച്ച ഹോട്ടലുകളെ പിഴ അടപ്പിച്ചു.

പരിശോധനയ്ക്കിടെ ബുഹാരി ഹോട്ടലിൽ സംഘർഷം

തിരുവനന്തപുരം • വൃത്തിഹീനമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടാനെത്തിയ അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിൽ ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റം. അടുക്കളയിൽ സൂക്ഷിച്ചിട്ടുള്ള ഫ്രിജിൽ നിറയെ പാറ്റകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഹോട്ടൽ പൂട്ടാൻ നോട്ടിസ് നൽകിയത്. എന്നാൽ പാറ്റകളെ ഉദ്യോഗസ്ഥർ തന്നെ കൊണ്ടു വന്നതാണെന്ന് ഹോട്ടൽ ഉടമ ആരോപിച്ചു.വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനു കോർപറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലിനു മുൻപും നോട്ടിസ് നൽകിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജ് നഴ്സ് ഭക്ഷ്യവിഷബാധയേറ്റു മരിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തുടനീളം പരിശോധന നടത്തിയത്.