ഇൻഡോർ: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഹോട്ടൽ ഉടമ മരിച്ചു. വ്യായാമം ചെയ്യുന്നതിനിടെ ഇയാൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രദീപ് രഘുവൻഷ് എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണസംഭവമുണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. വൃന്ദാവൻ ഹോട്ടലിന്റെ നടത്തിപ്പുകാരനായിരുന്നു 53 കാരനായ പ്രദീപ് രഘുവംശി. ആരോഗ്യം നിലനിർത്താൻ അദ്ദേഹം ദിവസവും ജിമ്മിൽ പോകുമായിരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ അടുത്ത സഹായികളിലൊരാളാണ് രഘുവംശി. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ ഇൻഡോറിലെ വിജയ് നഗർ ഏരിയയിലുള്ള ഗോൾഡ് ജിമ്മിൽ രഘുവംശി എത്തി. ഏകദേശം അഞ്ച് മിനിറ്റോളം ട്രെഡ്മില്ലിൽ പരിശീലിച്ച ശേഷം ജാക്കറ്റ് അഴിക്കാൻ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി വീണു.