വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡ്; പരാതി പരിശോധിക്കാന്‍ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു

കല്ലമ്പലം: വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡിന്റെ അലൈന്‍മെന്റ് സംബന്ധിച്ച പരാതികള്‍ കേള്‍ക്കാന്‍ ഒ.എസ്. അംബിക എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ ഷീജ ബീഗം എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു. നാവായിക്കുളം, കരവാരം പഞ്ചായത്തുകളിലെ പുതുശ്ശേരിമുക്ക്, ശ്രീമുരുകന്‍ കോവില്‍ ക്ഷേത്രപരിസരം, ആനക്കാട്, കല്ലുവിള സര്‍വിസ് സ്റ്റേഷന്‍, വല്ലത്തുകോണം കോളനി എന്നിവിടങ്ങളില്‍ പരാതി കേട്ടു. സര്‍വേ കമ്പനി, റവന്യൂ, എന്‍.എച്ച് അധികൃതരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ഡെപ്യൂട്ടി കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു. പുതുശ്ശേരിമുക്ക് ആക്ഷന്‍ കൗണ്‍സിലും മുരുകന്‍കോവില്‍ സംരക്ഷണസമിതിയും വ്യക്തികളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം. പുതുശ്ശേരിമുക്ക് ഭാഗത്ത് അലൈന്‍മെന്റ് വളഞ്ഞെന്നും ഇത് തിരുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. തെറ്റായ അലൈന്‍മെന്റ് തിരുത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ബദല്‍ അലൈമെന്റിന്റെ സാധ്യത പരിശോധിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിലവിലെ അലൈമെന്റിനെ അനുകൂലിച്ച് ഒരു വിഭാഗം രംഗത്തുവന്നു. നിലവിലെ അലൈന്‍മെന്റ് വെച്ചുതന്നെ റോഡ് നിര്‍മിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.