സർവീസുകളുടെ അഭാവം
തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 5ന് ആരംഭിക്കുന്ന സർവീസ് ഓഫീസുകളിൽ പോകുന്നവർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമായിരുന്നു. തിരുവനന്തപുരത്തു നിന്ന് ചിറയിൻകീഴ് ഭാഗത്തേക്ക് മുൻകാലങ്ങളിൽ രാത്രി 9.40 വരെ ബസ് സർവീസ് ഉണ്ടായിരുന്നു. അത് വിവിധ ആവശ്യങ്ങൾക്കായി തലസ്ഥാന നഗരിയിൽ എത്തുന്നവർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഈ ഭാഗത്തേക്ക് രാത്രി 7.30 കഴിഞ്ഞാൽ ബസുകൾ സർവീസ് നടത്തുന്നില്ല. അതിനാൽ രാത്രിയിൽ പ്രദേശവാസികൾക്ക് മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.
യാത്രക്കാരുടെ ആവശ്യം
ചിറയിൻകീഴ് കഴക്കൂട്ടം റൂട്ടിലെ ചെയിൻ സർവീസുകൾ മുൻപ് മൂന്ന് ഫാസ്റ്റുകൾ ഉണ്ടായിരുന്നത് ഇപ്പോൾ ഒന്നു മാത്രമാണ് ഉള്ളത്. നെടുമങ്ങാട് ചിറയിൻകീഴ് സർവീസും, ഉച്ചയ്ക്ക് 11, 2, 3.30 എന്നീ സമയങ്ങലിൽ ഉണ്ടായിരുന്ന രാജധാനി സർവീസുകളും നിലവിൽ അപ്രത്യക്ഷമായിരിക്കുകയാണ്. തിരുവനന്തപുരം, ചിറയിൻകീഴ്, വർക്കല, കാപ്പിൽ സർവീസുകളും നിലവിലില്ല. കോളേജ് ബസുകളും ഫലപ്രദമായി എത്താത്തതിനാൽ കോളേജ് കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും ചില്ലറയല്ല. ഈ റൂട്ടിലെ യാത്ര ക്ലേശത്തിന് അറുതി വരുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.