കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ ജീവനക്കാരുടെ മേശപ്പുറത്ത് പൂജിച്ച പല നിറത്തിലുള്ള ചരടുകൾ നിക്ഷേപിച്ച് വൃദ്ധന്റെ ആഭിചാര പ്രയോഗം.
പഞ്ചായത്ത് പരിധിയിൽപ്പെട്ട ഷെഡിൽകട സ്വദേശിയായ വൃദ്ധനാണ് ചരടുകളുമായി എത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 3.30 മണിയോടെ ഓഫീസിലെത്തി സെക്രട്ടറി, അസി: സെക്രട്ടറി, ജൂനിയർ സൂപ്രണ്ട് എന്നിവരുടെ മേശപ്പുറത്തും പ്രിന്റർ മെഷീനിലുമാണ് ചരടുകൾ നിക്ഷേപിച്ചത്. ജീവനക്കാർക്ക് നല്ല ബുദ്ധി ഉണ്ടാകാനാണ് പൂജ ചെയ്ത ചരടുകൾ കൊണ്ടുവന്നതെന്നും, ഇതിൽ ഉദ്യോഗസ്ഥർ നന്നായില്ലെങ്കിൽ കടുത്ത പ്രയോഗവുമായി വീണ്ടും വരുമെന്ന മുന്നറിയിപ്പും നൽകിയാണ് വൃദ്ധൻ മടങ്ങിയത്. പ്രായം ചെന്നയാളായതിനാൽ ജീവനക്കാരും വൃദ്ധനെ തടയുകയോ എതിർക്കുകയോ ചെയ്തില്ല.
തുടർന്ന് വൃദ്ധൻ ഓഫീസിൽ നിന്നും പോയ ശേക്ഷം ജീവനക്കാർ ചരടുകൾ മറ്റും എടുത്തു മാറ്റി.