യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; റോഡുകള്‍ അടച്ചു; മുന്നറിയിപ്പ്

അബുദാബി/ദുബായ്: യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വർഷവും. ഷാർജ, ഫുജൈറ എമിറേറ്റുകളിലെ ചില സ്കൂളുകൾ ഇന്നലെ ഉച്ചയോടെ അടച്ചു. ശക്തമായ മഴ തുടരുമെന്ന അറിയിപ്പുള്ളതിനാൽ ഷാർജയിലും റാസൽഖൈമയിലും പഠനം ഓൺലൈനിലേക്കു മാറ്റി. ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നലെ രാത്രി 8ന് അടച്ചു.ദുബായ്, ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലാണ് മഴ ശക്തമായത്. അബുദാബി നഗരത്തിൽ ചാറ്റൽ മഴയായിരുന്നുവെങ്കിലും മദീനത് അൽ റിയാദിലും ഷാർജയിലെ ഖത്താഹിലും ആലിപ്പഴ വർഷത്തോടെയായിരുന്നു മഴ. ഈ ആഴ്ച രാജ്യത്ത് അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. അൽഐൻ, അൽ റസീൻ, അൽ അബ്ജാൻ എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തു.മഴയെത്തുടർന്ന് കൽബയിലെ സ്കൂളുകൾക്കും ഉച്ചമുതൽ അവധി നൽകി. നേരത്തെ തീരുമാനിച്ച പഠന യാത്രകളും സ്കൂളുകൾ റദ്ദാക്കി. ശക്തമായ കാറ്റിലും മഴയിലും ദൃശ്യ പരിധി കുറയുന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ഓർമിപ്പിച്ചു. മഴ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. വേഗം കുറച്ചും വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിച്ചും വാഹനം ഓടിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.വരും ദിവസങ്ങളിലും ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. മണിക്കൂറിൽ 55 കി.മീ വരെ വേഗത്തിൽ കാറ്റു വീശും. കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കടലിൽ കുളിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്.ഷാർജയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തനടിയിലായി. മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്താണ് റോഡുകളിലെ വെള്ളക്കെട്ട് നീക്കുന്നത്. കടൽതീരങ്ങളിലും താഴ്‌വാരങ്ങളിൽനിന്നും ജനങ്ങൾ വിട്ടുനിൽക്കണം.