കൗമാര കലയുടെ ‘മൊഞ്ചത്തിക്കപ്പിൽ’ വീണ്ടും മുത്തമിട്ട് കോഴിക്കോട്. 945 പോയിന്റ് നേടിയാണ് 61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയർ കിരീടം ചൂടിയത്. 925 പോയിന്റു വീതം നേടിയ പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശ്ശൂർ മൂന്നാം സ്ഥാനം നേടി. കോഴിക്കോടിന്റെ ഇരുപതാം കിരീടനേട്ടമാണിത്.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 446 പോയിന്റുമായി കോഴിക്കോട് ഒന്നാമതെത്തി. 443 പോയിന്റുമായി പാലക്കാട് രണ്ടാമതും 436 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 500 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 499 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 482 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്.
സംസ്‌കൃത കലോത്സവത്തില്‍ കൊല്ലവും അറബിക് കലോത്സവത്തില്‍ പാലക്കാടും ഒന്നാം സ്ഥാനത്ത് എത്തി. സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ്എസ് ഗുരുകുലം സ്‌കൂള്‍ 156 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി. 142 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇഎം ഗേള്‍സ് എച്ച്എസ്എസ്. രണ്ടാം സ്ഥാനത്ത് എത്തി. കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം . ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ബിഎസ്എസ്എസ് ഗുരുകുലവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്എസ്എസും ഒന്നാമത് എത്തി.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. കലോത്സവ സുവനീർ മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു.
സമ്പൂർണ്ണ പോയിന്റ് പട്ടിക :
• കോഴിക്കോട് 945
• പാലക്കാട് 925
• കണ്ണൂർ 925
• തൃശ്ശൂർ 915
• മലപ്പുറം 880
• എറണാകുളം 881
• കൊല്ലം 857
• തിരുവനന്തപുരം 827
• ആലപ്പുഴ 819
• കോട്ടയം 800
• കാസർകോട് 812
• വയനാട് 747
• പത്തനംതിട്ട 721
• ഇടുക്കി 679