സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടിലാണ് ഹോട്ടലുടമകള്‍. ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് കഴിഞ്ഞ ദിവസം നടപടി പ്രഖ്യാപിച്ചത്. ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്‍റ് അസോസിയേഷനും സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്തു.ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ ഇനി വെറും പത്ത് ദിവസം മാത്രം. ഫെബ്രുവരി ഒന്ന് മുതലാണ് കാര്‍ഡ് നിര്‍ബന്ധമാക്കുക. 2012 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ കാര്യമായ പരിശോധന നടത്തിയിരുന്നില്ല. നടപടി കടുപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ എത്രയും വേഗം ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ഓട്ടത്തിലാണ് ഹോട്ടലുടമകള്‍. കാര്‍ഡ് കിട്ടാന്‍ രക്തപരിശോധനയും ശരീര പരിശോധനയും നടത്തണം. ഇനിയുള്ള കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവ പൂര്‍ത്തിയാക്കേണ്ടി വരും. കോഴിക്കോട് നഗരത്തില്‍ മാത്രം മൂവായിരത്തോളം ഹോട്ടലുകളുണ്ട്. അവിടുത്തെ ജീവനക്കാര്‍ പതിനായിരത്തിലധികം പേരെങ്കിലും വരും.വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഹെല്‍ത്ത് കാര്‍ഡ് കരസ്ഥമാക്കിയാല്‍ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കും. ഹോട്ടലുകളുടെ ലൈസന്‍സ് തന്നെ റദ്ദാക്കി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.