സഞ്ജു എവിടെയെന്ന് ആരാധകര്‍; ഹൃദയം തൊടുന്ന മറുപടിയുമായി സൂര്യകുമാര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ബാറ്റിംഗ് വെടിക്കെട്ട് കൊണ്ട് മലയാളി ആരാധകരെ സന്തോഷിപ്പിച്ചുവെങ്കിലും ലോക്കല്‍ ഹീറോ സഞ്ജു സാംസണിന്‍റെ അസാന്നിധ്യം അവരെ നിരാശരാക്കുകയും ചെയ്തു. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്.ഇന്നലെ ശ്രീലങ്കന്‍ ഇന്നിംഗ്സിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സൂര്യകുമാര്‍ യാദവിനോട് മലയാളി ആരാധകര്‍ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചത്, ഞങ്ങളുടെ സഞ്ജു എവിടെയാണെന്നായിരുന്നു.  ആരാധകരുടെ ചോദ്യത്തിന് തിരിഞ്ഞു നിന്ന് ചെവി കൂര്‍പ്പിച്ച സൂര്യകുമാര്‍ സഞ്ജു ഹൃദയത്തിലാണെന്ന മറുപടിയിലൂടെയായിരുന്നു. സൂര്യയുടെ പ്രതികരണം ആരാധകര്‍ ആര്‍പ്പുവിളിയോടൊണ് വരവേറ്റത്.ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് സഞ്ജുവിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റത്. സ്കാനിംഗിന് വിധേയനാക്കിയ സഞ്ജുവിന്‍റെ പരിക്ക് ഗുരുതരമല്ലെങ്കില്‍ പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ മൂന്നാഴ്ചയെങ്കിലും സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. പരിക്കില്‍ നിന്ന് മോചിതകാനാത്തതിനാല്‍ സഞ്ജുവിനെ അടുത്ത ആഴ്ച തുടങ്ങുന്ന ന്യൂസിലന്‍ഡിനെിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല.ഇന്നലെ നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ  317 റണ്‍സിന്റെ കൂറ്റന്‍ജയം സ്വന്തമാക്കി പരമ്പര തൂത്തുവാരിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 391 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക  22 ഓവറില്‍ 73 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് നേടി മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകര്‍ത്തത്. 19 റണ്‍സ് നേടി നുവാനിഡു ഫെര്‍ണാണ്ടോയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വിരാട് കോലി (പുറത്താവാതെ 166), ശുഭ്മാന്‍ ഗില്‍ (116) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.