തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കുറ്റപത്രം കേരള പൊലീസ് തന്നെ തയ്യാറാക്കും. നെയ്യാറ്റിൻകര കോടതിയിൽ തന്നെ കുറ്റപത്രം നൽകും. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേരളത്തിൽ വിചാരണ നടത്താൻ തീരുമാനമായത്. കേസിൽ ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്ണയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവൻ നിർമ്മൽ കുമാർ മൂന്നാം പ്രതിയുമാണ്. പത്ത് മാസം നീണ്ട പദ്ധതിക്കു ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പൊലീസ് കുറ്റപ്പെടുത്തുന്നു. ഈ മാസം 25 ന് മുമ്പ് കുറ്റപത്രം നൽകുമെന്നാണ് പൊലീസ് പറയുന്നത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനു മുമ്പ് കുറ്റപത്രം നൽകും. സ്പെഷ്യൻ പബ്ലിക് പ്രോസിക്യൂട്ടറായി കേസിൽ അഡ്വ വിനീത് കുമാറിനെ നിയമിച്ചു.നാഗര്‍കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തിൽ നിന്ന് ഷാരോൺ പിന്മാറാതെ വന്നതോടെയാണ് വധിക്കാൻ ഗ്രീഷ്മ ശ്രമം തുടങ്ങിയത്. നെയ്യൂര്‍ ക്രിസ്റ്റ്യൻ കോളേജിൽ വച്ചായിരുന്നു ആദ്യ വധശ്രമം. കടയിൽ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയിൽ 50 ഡോളോ ഗുളികകൾ പൊടിച്ച് കലര്‍ത്തി ഷാരോണിന് കുടിയ്ക്കാൻ നൽകി. കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞതുകൊണ്ട് ഷാരോൺ രക്ഷപ്പെട്ടു.ക്രിസ്റ്റ്യൻ കോളേജിനോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ശുചിമുറിയിൽ വച്ചാണ് ജ്യൂസ് നൽകിയത്. കുഴുത്തുറ പഴയ പാലത്തിൽ വച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലര്‍ത്തിയ മാങ്ങാ ജ്യൂസ് നൽകി വധിക്കാൻ ശ്രമമുണ്ടായി. പാലത്തിലും ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നൽകി ഷാരോണിനെ വകവരുത്തി. ത്രിപ്പരപ്പിൽ ജൂൺ ജൂലൈ മാസങ്ങളിൽ ഗ്രീഷ്മയും ഷാരോണും ഒരുമിച്ച് താമസിച്ച ഹോം സ്റ്റേയിലും തെളിവെടുപ്പ് നടത്തി. ആകാശവാണിയിൽ നടത്തിയ ശബ്ദപരിശോധനാ റിപ്പോര്‍ട്ടു കൂടി ശേഖരിച്ച് കേസ് ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷസംഘത്തിന്‍റെ നീക്കം.