ഗുണ്ടാ, മണ്ണ് മാഫിയ ബന്ധം ആരോപിക്കപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥരെക്കൂടി സ്ഥലംമാറ്റി. നഗരൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈ.അപ്പു, ഡ്രൈവറായ സതീഷ് എന്നിവരെയാണ് തിരുവനന്തപുരം റൂറൽ എ.ആർ. ക്യാമ്പിലേക്കു മാറ്റിയത്. ഇരുവർക്കുമെതിരേ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടായിരുന്നു.
ഇതേത്തുടർന്ന് റൂറൽ എസ്.പി. ഇരുവരെയും സ്റ്റേഷൻ ചുമതലകളിൽനിന്ന് ഒഴിവാക്കാൻ നഗരൂർ എസ്.എച്ച്.ഒ.യ്ക്ക് നിർദേശം നൽകുകയായിരുന്നു.
മംഗലപുരം പോലീസ് സ്റ്റേഷനിൽ പോലീസുകാർക്ക് ഗുണ്ടാ ബന്ധമുണ്ടെന്ന ആരോപണമുയർന്നിരുന്നു. മംഗലപുരത്തുനിന്ന് സമീപ സ്റ്റേഷനുകളിലേക്കു മാറ്റിയിട്ടും ഗുണ്ടാ, മണ്ണ് മാഫിയകളുമായി ബന്ധം പുലർത്തുകയും അവർക്ക് വിവരങ്ങൾ ചോർത്തിനൽകുകയും ചെയ്യുന്നുവെന്നായിരുന്നു ആരോപണം.