എങ്ങനെ ഭക്ഷണം വില്ലനാകുന്നു; പഴകിയ ഭക്ഷണം ഭീഷണിയാകരുത്, അറിയണം ഇക്കാര്യങ്ങൾ

കൊല്ലം• ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പരിശോധന വ്യാപകമായതോടെ ജില്ലയിലും വൃത്തിഹീനമായ നിലയിൽ പാകം ചെയ്തിരുന്ന പത്ത് ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. ഫ്രീസറിൽ തരം തിരിക്കാതെ വയ്ക്കുന്ന വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണം, കഴുകാതെ സൂക്ഷിക്കുന്ന മാംസം, പഴയതും പൂപ്പൽ വന്നതുമായ അച്ചാറുകൾ, തലേദിവസം തയാറാക്കിയ ഭക്ഷണങ്ങൾ തുടങ്ങിയവയാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്.

ഇവ എങ്ങനെ വില്ലനാകുന്നു

ഷവർമ ആദ്യം വില്ലനായത് 2012ൽ ആണെന്നാണ് റിപ്പോർട്ടുകളിൽ. ഷവർമയുടെ കാര്യത്തിൽ, പുറത്തു നിന്നുള്ള ഫ്ലെയിം ഏറ്റ് ചിക്കന്റെ പുറം ഭാഗം വേവുന്നു. എന്നാൽ ഉൾഭാഗം നന്നായി വെന്തില്ലെന്നു വരാം. ഇതിനായി ഉപയോഗിക്കുന്ന മാംസത്തിന്റെ ഗുണമേന്മയെക്കുറിച്ച് ആർക്കും അറിവില്ല. ഷിഗല്ല, സാൽമണല്ല, ഇകോളി തുടങ്ങിയ മാരകാണുക്കളുടെ സാന്നിധ്യം ഇറച്ചിയിൽ കണ്ടെന്നു വരാം. ഇറച്ചി വേവാത്ത ഭാഗത്ത് അണുക്കൾ പെരുകിക്കൊണ്ടിരിക്കും. 75 ഡിഗ്രി സെൽഷ്യസിൽ വെന്തെങ്കിൽ മാത്രമേ ഇവ നശിക്കൂ. പല കാരണങ്ങളാൽ, പാചക വാതകം ലാഭിക്കുന്നതിനു വേണ്ടി പോലും, പേരിനൊന്നു ഫ്ലെയിം അടിപ്പിച്ച് വെന്തെന്നു വരുത്തി ചുരണ്ടി പൊതിഞ്ഞു കൊടുക്കുന്ന രീതിയാണ് പലയിടത്തും. പാചകം തുടങ്ങി പരമാവധി 4 മണിക്കൂർ മാത്രമേ ഷവർമയ്ക്ക് ആയുസ്സുള്ളൂ.

മയണൈസിനെയും സൂക്ഷിക്കണം

പാസ്ചറൈസ് ചെയ്ത മുട്ടകൾ മാത്രമേ മയണൈസ് നിർമിക്കാൻ ഉപയോഗിക്കാവൂ. 2 മണിക്കൂറിൽ കൂടുതൽ അന്തരീക്ഷ താപനിലയിൽ വയ്ക്കാൻ പാടില്ല, അവശേഷിക്കുന്ന മയണൈസ് 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്.

ഇതൊന്നും കഴിക്കരുത് എന്നല്ല

ഈ ഭക്ഷണ സാധനങ്ങൾ ഒന്നും കഴിക്കരുത് എന്നല്ല മുകളിൽ പറഞ്ഞതിന്റെ അർഥം. വൃത്തിയായും സൂക്ഷ്മതയോടെയും പാകം ചെയ്താൽ ഇവയൊക്കെ മികച്ചതു തന്നെ. നമ്മൾ കഴിക്കാൻ തിരഞ്ഞെടുക്കുന്ന ഹോട്ടലുകൾ ഇതെല്ലാം പാലിക്കുന്നു എന്ന് ഉറപ്പാക്കണം എന്നേയുള്ളൂ.

എല്ലാവരെയും ബാധിക്കുന്നില്ലല്ലോ

അൽഫാമും ഷവർമയും ജീവനെടുത്തപ്പോൾ പലരും പ്രകടിപ്പിച്ച സംശയമാണ്. ഫുഡിന്റെ കുഴപ്പമാണെങ്കിൽ കഴിച്ചവർക്കെല്ലാം പ്രശ്നമുണ്ടാകണ്ടേ എന്ന്. പച്ച മാംസത്തിൽ അടിഞ്ഞുകൂടുന്ന വൈറസുകളും ബാക്ടീരിയകളും ആളുകളുടെ രോഗപ്രതിരോധ ശേഷിയനുസരിച്ചാണ് ബാധിക്കുക. ചിലരിൽ ഭക്ഷ്യവിഷബാധയുണ്ടായാൽ വളരെ പെട്ടെന്നു തന്നെ പ്രകടമാകും. ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും. എന്നാൽ മറ്റു ചിലരിൽ സാവധാനം മറ്റ് രോഗങ്ങളായി മാറിയേക്കാം.