ട്രെയിനുകൾ നേർക്കുനേർ; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി

ട്രെയിനുകൾ നേർക്കുനേർ; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ അപകടം ഒഴിവാക്കി. ഇന്നലെ വൈകിട്ട് 6നു കൊല്ലം റെയിൽവേ സ്റ്റേഷനിലാണു സംഭവം. ഏഴാം നമ്പർ ട്രാക്കിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിനു നേരെയാണു ഗുഡ്സ് ട്രെയിൻ ട്രാക്ക് മാറിയെത്തിയത്. ട്രാക്കിൽ പാസഞ്ചർ ട്രെയിൻ കിടക്കുന്നതു കണ്ട ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് വേഗം കുറച്ച് അപകടം ഒഴിവാക്കി. പിന്നീട്, റെയിൽവേ ഉദ്യോഗസ്ഥരെത്തി ഗുഡ്സ് ട്രെയിൻ പിറകിലേക്ക് എടുപ്പിച്ചശേഷം എട്ടാം നമ്പർ ട്രാക്കിലേക്കു മാറ്റി.

ട്രാക്ക് മാറ്റാനും മറ്റുമായി ട്രെയിൻ സ്റ്റേഷനിൽ പിടിച്ചിട്ടതിനാൽ മറ്റു പല ട്രെയിനുകളും സമീപത്തെ റെയിൽവേ സ്റ്റേഷനുകളിലും സ്റ്റേഷനു സമീപത്തെ ട്രാക്കുകളിലും പിടിച്ചിട്ടു. ഇതിനാൽ, അരമണിക്കൂറോളം ട്രെയിൻ ഗതാഗതം വൈകി. എട്ടാം നമ്പർ ട്രാക്കിലേക്കു വരേണ്ട ഗുഡ്സ് ട്രെയിനാണു ട്രാക്ക് മാറി ഏഴാം നമ്പറിൽ കയറിയത്. സിഗ്നൽ സംവിധാനത്തിൽ അടക്കം എന്തെങ്കിലും അപാകത സംഭവിച്ചിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.