അഴുതക്കടവിൽ കുളിക്കാനിറങ്ങിയ ശബരിമല തീർഥാടകൻ മരിച്ചു

അഴുതക്കടവിൽ കുളിക്കാനിറങ്ങിയ ശബരിമല തീർഥാടകരിൽ ഒരാൾ മരിച്ചു; ഒരാളെ കാണാതായി. തിരുവനന്തപുരം ചെങ്കൽചൂള സ്വദേശി അഭിലാഷ് (ഉണ്ണി–38) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന കണ്ണനെ (36) കാണാതായി. ഇന്നലെ രാത്രി 8.30നാണു സംഭവം.അഴുതക്കടവിൽ അരപ്പൊക്കം വെള്ളം മാത്രമാണ് ഏറ്റവും താഴ്ചയുള്ള സ്ഥലത്തുപോലും ഇപ്പോഴുള്ളത്. മുട്ടോളം വെള്ളമുള്ള സ്ഥലത്തു നിന്നാണ് അഭിലാഷിനെ അവശനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പറയുന്നു. 4 കുട്ടികളടക്കം 9 അംഗ തീർഥാടക സംഘമാണു കാനനപാതയിലൂടെ പോകുന്നതിന് ഇവിടെയെത്തിയത്.കുളിക്കാനായി പോയ രണ്ടുപേരെയും കാണാതായതോടെ അന്വേഷിച്ചു പോയവരാണ് അഭിലാഷിനെ വെള്ളത്തിൽ കമഴ്ന്നു കിടക്കുന്ന വിധം കണ്ടത്. അഭിലാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരുവന്താനം പൊലീസ് കേസെടുത്തു.