ആലപ്പുഴ: കായലിൽ ചാടിയ പെൺകുട്ടിയെ മരണത്തിൽ നിന്ന് കരകയറ്റിയ കിളിമാനൂർ സ്വദേശിയായ യുവാവിന് ആശംസാ പ്രവാഹം. ആലപ്പുഴ തോട്ടപള്ളി പാലത്തിലാണ് കായലിലേയ്ക്ക് ചാടിയ പെൺകുട്ടിയെ ബസ് യാത്രക്കാരനായ യുവാവ് കായലിൽ ചാടി രക്ഷപ്പെടുത്തിയത്. ഇന്നു രാവിലെ 10 മണിയോടെയായിരുന്നു സംഭവം. രാവിലെ 6 മണിയോടെ
തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേയ്ക്ക് പോകുകയായിരുന്നകെ എസ് ആർ ടി സി ബസ് തോട്ടപ്പള്ളി പാലത്തിലെത്തിയപ്പോൾ മുന്നിൽ ഒരു പെൺകുട്ടി കായലിലേയ്ക്ക് ചാടിയത് ഡ്രൈവറുടേയും യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ബസിലെ യാത്രക്കാരനായ കിളിമാനൂർ സ്വദേശിയായ വിഷ്ണു എന്ന യുവാവ് കായലിലേയ്ക്ക് എടുത്തു ചാടി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. മുങ്ങി താഴാതെ സാഹസികമായി രക്ഷപ്പെടുത്തിയ പെൺകുട്ടിയെ കരയിലെത്തിക്കുന്നതിന് സഹായിയായി ബസ് യാത്രക്കാരനായ മറ്റൊരു യുവാവും കായലിലേയ്ക്ക് ചാടുകയായിരുന്നു. വിഷ്ണു രക്ഷാപ്രവർത്തനം നടത്തി കരയ്ക്ക് എത്തിയപ്പോഴേയ്ക്കും ബസ് കൊച്ചിയിലേയ്ക്ക് യാത്ര പുറപ്പെട്ടിരുന്നു. രേഖകളടങ്ങിയ ബാഗ് ബസിനുള്ളിലായിരുന്നതിനാൽ പ്രദേശവാസിയുടെ ബൈക്കിൽ കിലോമീറ്ററുകൾ ചേയ്സ് ചെയ്താണ് വിഷ്ണു ബസിൽ കയറിപ്പറ്റിയത്. തന്റെ കൊച്ചി യാത്രയ്ക്ക് ഇടയിൽ ഒരു ജീവൻ രക്ഷിയ്ക്കാനായതിന്റെ ആശ്വാസത്തിലാണ് വിഷ്ണു.