അരിയിട്ട് വാഴ്ച എഴുന്നള്ളത്തിന് കാളിദാസന്‍ ഇല്ല: കൊല്ലംപുഴയില്‍ പ്രതിഷേധം

ആറ്റിങ്ങല്‍: തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പരദേവതാ ക്ഷേത്രമായ തിരുവാറാട്ട് കാവിലെ അരിയിട്ടു വാഴ്ച ചടങ്ങിനു കാളിദാസന്‍ എന്ന ആനയെ ഒഴിവാക്കുന്നതില്‍ പ്രതിഷേധം വ്യാപകം. മകരം ഒന്നു മുതല്‍ ക്ഷേത്രത്തിലെ ആനയായ കാളിദാസനെ മറ്റൊരു ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് നിശ്ചയിച്ചിരിക്കുന്നതിനാല്‍ തിരുവറാട്ട്കാവ് ദേവീക്ഷേത്ര പരിസര നിവാസികളും, കൊല്ലംപുഴയിലെ ആനപ്രേമി സംഘവും തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ മുന്‍പാകെ പരാതി നല്‍കിയിരിക്കുകയാണ്. തിരുവറാട്ടുകാവ് ദേവീക്ഷേത്രത്തില്‍ നടക്കിരുത്തിയ കാളിദാസന്‍ ക്ഷേത്രത്തിലെ കഴിഞ്ഞ ഉത്സവ ദിവസമായ തൃക്കാര്‍ത്തിക എഴുന്നള്ളത്തിനും മറ്റൊരു ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് ദേവസ്വം ബോര്‍ഡ് ഉപയോഗിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ക്ഷേത്ര ഉപദേശക സമിതി അന്ന് തന്നെ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവ ചടങ്ങുകള്‍ക്കെല്ലാം കാളിദാസന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് അരിയിട്ട് വാഴ്ചയ്‌യുടെ ആദ്യ ദിവസങ്ങളില്‍ ദേവസ്വം ബോര്‍ഡ് കാളിദാസനെ മറ്റൊരു ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് നിയോഗിച്ചിരിക്കുന്നത്. അടുത്തിടയാണ് കാളിദാസന്റെ കൊമ്പ് മുറിച്ച് മാറ്റിയത്. കഴിഞ്ഞ രണ്ടു മാസക്കാലമായി കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ എഴുന്നള്ളത്തിന് കാളിദാസനെ ദേവസം ബോര്‍ഡ് ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. സ്വകാര്യ എഴുന്നള്ളത്തുകള്‍ക്ക് ആനയെ ഉപയോഗിക്കുമ്പോള്‍ ഒരു ദിവസം 50,000 രൂപയാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനം. അരിയിട്ട് വാഴ്ച ചടങ്ങിന് കാളിദാസന്‍ തന്നെ വേണം എന്നത് നാട്ടുകാരുടെ ആവശ്യം വളരെ ശക്തമാണ്.