കോഴിക്കോട്: രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ശേഷം 24 വേദികളിലും കല കലോ കല മാത്രം. മിഠായി തെരുവും മാനാഞ്ചിറ മൈതാനവും തൊട്ട് കോഴിക്കോട്ട് അങ്ങാടി മുഴുവൻ ഇനി കൗമാരക്കാരുടെ കയ്യിലാകും.മോഹിനിമ്മാർ പുടവ ചുറ്റി മൂക്കൂറ്റി അണിഞ്ഞു ലാസ്യ ഭാവത്തോടെ എത്തും. അത്തറ് പൂശി മണവാളൻമ്മാരും മണവാട്ടിമ്മാരും നാണത്താൽ മുഖം കുനിക്കും. ഒറ്റക്കും കൂട്ടായും പാട്ടു പാടിയും ചെണ്ടയിൽ മേളപ്പെരുക്കം തീർത്തും അങ്ങനെ അങ്ങനെ കൗമാര പട അരങ്ങു വാഴും.രാവിലെ 11 മണിക്ക് ഉദ്ഘാടന സമ്മേളനം കഴിഞ്ഞാൽ വേദികൾ ഉണരും. കുട്ടികളെ പ്രോത്സാഹിപ്പിക്കാനും കലകൾ കണ്ട് ആസ്വദിക്കാനും കോഴിക്കോട്ടുകാർ ഒന്നാകെ സദസിൽ ഉണ്ടാകും.