*നാവായിക്കുളത്തും കല്ലമ്പലത്തും കാട്ടുപന്നിശല്യം 
രൂക്ഷം; കർഷകർ ദുരിതത്തിൽ ,,*

നാവായിക്കുളത്തും കല്ലമ്പലത്തും കാട്ടുപന്നിശല്യം രൂക്ഷം. കാട്ടുപന്നികളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിലും കൃഷി നാശത്തിലും പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാര്‍. ആറു മാസത്തിനുള്ളിൽ നാവായിക്കുളം പഞ്ചായത്തില്‍ പന്നികളുടെ ആക്രമണത്തിനിരയായത് പന്ത്രണ്ടോളം പേരാണ്. കാർഷിക വിളകൾ നശിപ്പിച്ചിരുന്ന കാട്ടുപന്നികള്‍ മനുഷ്യ ജീവനും ഭീഷണിയായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കഴിഞ്ഞദിവസം രാത്രിയില്‍ കല്ലമ്പലം ജംഗ്ഷനിൽ അജ്ഞാത വാഹനമിടിച്ച് ചത്ത നിലയില്‍ കാട്ടുപന്നിയെ കണ്ടെത്തിയതിലും നാട്ടുകാര്‍ ഭീതിയിലാണ്.
നാവായിക്കുളം പഞ്ചായത്തിലെ പലവക്കോട്, പുന്നോട്, ഇടപ്പണ, ഇടമൺനില, മരുതികുന്ന്, കുടവൂര്‍, കോട്ടറക്കോണം പ്രദേശങ്ങളിലാണ് പന്നി ശല്യം രൂക്ഷമായിട്ടുള്ളത്.  
കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനാൽ ഈ മേഖലയിലെ ചെറുകിട കർഷകര്‍ ദുരിതത്തിലാണ്. മരിച്ചിനി , ഇഞ്ചി , വാഴ , നെല്ല് തുടങ്ങിയ വിളകളാണ് പ്രധാനമായും പന്നികൾ നശിപ്പിക്കുന്നത്. വിളവെടുക്കാറായ നെൽപ്പാടങ്ങളിൽ പന്നികൾ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ഇതുമൂലം നെൽക്കൃഷിയും പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം മുക്കുകട റോഡ് വിള വീട്ടിൽ അബ്ദുൽ സമദിന്റെ ഇടമൺ നിലയിലുള്ള ഏലായിലെ 50 വാഴകളും 200 മൂട് മരച്ചിനിയും പന്നിക്കൂട്ടം നശിപ്പിച്ചു.
കാട്ടുപന്നിയുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പന്നിയുടെ അക്രമണത്തിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുള്ള സത്വര നടപടികൾ ബന്ധപ്പെട്ട അധികാരികൾ കൈകൊള്ളണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു