നോട്ട് എണ്ണുന്നതിനു ധനലക്ഷ്മി ബാങ്ക് 6 ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിട്ടുണ്ട്. എന്നാലും എണ്ണിത്തീരുന്നില്ല. അന്നദാന മണ്ഡപത്തിലെ ഒരു മുറിയിൽ കൂടി ഇന്നലെ കാണിക്ക എണ്ണൽ തുടങ്ങി. തീർഥാടകരുടെ തിരക്ക് കുറഞ്ഞതോടെ എരുമേലി , നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് 60 ജീവനക്കാരെ പുതിയതായി എത്തിച്ചാണ് ഇതിൽ കാണിക്ക എണ്ണുന്നത്.
എണ്ണിത്തീർക്കാൻ കഴിയാതെ ഭണ്ഡാരത്തിൽ നാണയങ്ങൾ കുമിഞ്ഞു കൂടി. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങൾ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ മണ്ഡല കാലം മുതലുള്ള നാണയങ്ങൾ ഉണ്ട്.നാണയങ്ങൾ എണ്ണി എടുക്കണോ അതോ തൂക്കി എടുക്കണോ എന്ന സംശയത്തിലാണു ദേവസ്വം ഉദ്യോഗസ്ഥർ. ഒരേ മൂല്യമുള്ള നാണയങ്ങൾ പലതരത്തിലുണ്ട്. ഭാരം കൂടിയതും കുറഞ്ഞതുമായ നാണയങ്ങൾ ഉണ്ട്. അതിനാൽ തൂക്കി എടുക്കുന്നത് ദേവസ്വം ബോർഡിനു നഷ്ടം ഉണ്ടാക്കുമെന്നു 2019ൽ വിജിലൻസ് റിപ്പോർട്ട് ഉണ്ട്. തൂക്കി എടുക്കുന്നതിന് അനുമതി തേടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.