കൊല്ലം: ചിതറയിൽ വടിവാളും വളർത്തുനായയുമായി വീട്ടിൽ അതിക്രമം കാണിച്ചയാളെ 24 മണിക്കൂർ കഴിഞ്ഞും പിടികൂടാനായില്ല. സംഭവത്തിൽ പ്രതി സജീവ് വീട്ടിൽ തന്നെയുണ്ട്. ഇയാൾ നായയെ അഴിച്ചുവിട്ട് ഗേറ്റും പൂട്ടിയിട്ടിരിക്കുകയാണ്. പ്രതി പുറത്തിറങ്ങാതെ പിടികൂടാനാകില്ല എന്ന് പോലീസ് പറയുന്നു. പോലീസിന്റെ വീഴ്ചയാണ് പ്രതിയെ പിടികൂടാനാകാത്തത് എന്ന് ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.ഇന്നലെയാണ് വടിവാളും വളര്‍ത്തുനായയുമായി കിഴക്കുംഭാഗത്ത് സുപ്രഭയെന്ന സ്ത്രീ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി സജീവ് അക്രമം നടത്തിയത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. റോഡ് വീലര്‍ നായയുമായി സജീവ് വീട്ടിലെത്തിയപ്പോൾ വീട്ടമ്മയായ സുപ്രഭക്ക് ആദ്യം കാര്യം മനസിലായില്ല. വടിവാളേന്തി, വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചതോടെ വീട്ടമ്മ ഓടി അകത്തൊളിച്ചു. സുപ്രഭ താമസിക്കുന്നത് തന്റെ അച്ഛൻ വാങ്ങിയ വസ്തുവിലെന്നാണ് സജീവന്റെ വാദം. ബഹളം കേട്ട് നാട്ടുകാരെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ വഴങ്ങിയില്ല. തുടർന്ന് പൊലീസെത്തി സജീവിനെ പിന്തിരിപ്പിക്കുകയായിരുന്നു. സുപ്രഭയുടെ വീട്ടിൽ അതിക്രമിച്ച് കടന്നതിനും ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. സജീവിനോട് സ്റ്റേഷനിലേക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ സുപ്രഭയുടെ വീട്ടിൽ നിന്ന് നേരെ സ്വന്തം വീട്ടിലേക്ക് പോയ സജീവ്, ഇവിടെയെത്തി നായ്ക്കളെ അഴിച്ചുവിട്ടു. ശേഷം ഗേറ്റും പൂട്ടി വീടിനകത്ത് കയറി. പൊലീസുകാർ ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ പഠിച്ച പണി മുഴുവൻ നോക്കിയെങ്കിലും നടന്നില്ല. ഇതോടെ ഇന്നലെ പൊലീസ് സംഘം ഇവിടെ നിന്ന് മടങ്ങി.ഇന്ന് രാവിലെയും പൊലീസെത്തിയെങ്കിലും നായ്ക്കളെ തുറന്നുവിട്ട് ഗേറ്റുമടച്ച് സജീവ് അകത്ത് തന്നെ കഴിയുകയാണ്. സുപ്രഭയുടെ വീട്ടിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസിന്റെ വീഴ്ച്ചയെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം സജീവ് മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. മുമ്പും ഇയാൾ ഇതേപോലെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.