അവർ വേർപിരിഞ്ഞില്ല, അന്ത്യയാത്രയിലും: യുവാക്കളുടെ ജീവനെടുത്ത് പൊലീസ് ജീപ്പ്

മരണത്തിലും ജസ്റ്റിനും ആഷിക്കും വേർപിരിഞ്ഞില്ല. ജസ്റ്റിന്റെ ഇളയമ്മയുടെ മകനാണ് ആഷിക്. എവിടെപ്പോകുന്നതും ഇവർ ഒരുമിച്ചായിരുന്നു. ഇരുവരുടെയും ചേതനയറ്റ ശരീരം ഒരേ മുറിയിൽ കിടത്തിയപ്പോൾ കണ്ടുനിന്നവർ‌ വാവിട്ടു കരഞ്ഞു.ആലപ്പുഴ തെക്കനാര്യാട് തലവടിയിൽ ഡിസിആർബി ഡിവൈഎസ്പിയുടെ വാഹനമിടിച്ചു മരിച്ച വേളൂർ സ്വദേശികളായ ജസ്റ്റിൻ എഡ്വേഡിന്റെയും ആഷിക് എഡ്വേഡ് അലക്സിന്റെയും അന്ത്യ യാത്രയാണ് നാടിനെ കണ്ണീരിലാഴ്ത്തിയത്. വിവരം അറിഞ്ഞതു മുതൽ പാടവരമ്പത്തിന് അരികെയുള്ള ഇവരുടെ അകമ്പാടം വീട്ടിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു.പുതുവത്സര പ്രാർത്ഥനയ്ക്കായി ആലപ്പുഴ കൃപാസനം പള്ളിയിലേക്കു പോയതായിരുന്നു ഇരുവരും. കുമരകം സ്വദേശിയായ ആഷിക് ചെറുപ്പം മുതൽ വളർന്നതും പഠിച്ചതുമെല്ലാം ജസ്റ്റിന്റെ വേളൂരിലെ വീട്ടിൽ നിന്നായിരുന്നു. ഇരുചക്ര വാഹനം ഓടിക്കാൻ വശമില്ലാതിരുന്ന ജസ്റ്റിനെ പലപ്പോഴും ജോലി സ്ഥലത്തും പള്ളിയിലുമെല്ലാം ആഷിക്കാണ് എത്തിച്ചിരുന്നത്. ആഷിക്കിന് സമ്മാനമായി ഒരുമാസം മുൻപാണ് ജസ്റ്റിൻ സെക്കൻ‍ഡ് ഹാൻഡ് ബൈക്ക് നൽകിയത്. പിന്നീട് ഇതിലായിരുന്നു യാത്ര.കൊച്ചിയിൽ ഓപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ് കോഴ്സ് തിരഞ്ഞെടുക്കാൻ ആഷിക്കിന് നിർദ്ദേശം നൽകിയത് ജസ്റ്റിനായിരുന്നു. കൺസ്യൂമർഫെഡിൽ ജീവനക്കാരനായിരുന്ന ജസ്റ്റിനായിരുന്നു കുടുംബത്തിന്റെ അത്താണി. കുമരകം ഇടവകകാരനായ ആഷിക്കിന്റെ മൃതദേഹവും ഇന്ന് ജസ്റ്റിനോടൊപ്പം പുളിനാക്കൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ 11ന് സംസ്കരിക്കും. സഹോദരങ്ങളായി കഴിഞ്ഞ ഇരുവരും അങ്ങനെ അന്ത്യയാത്രയിലും ഒരുമിച്ചാകും.
 ധ്യാനകേന്ദ്രത്തിൽ പുതുവർഷ പ്രാർഥനയ്ക്കായി കോട്ടയത്തു നിന്നെത്തിയ ജസ്റ്റിനും ആഷിക്കും അപകടത്തിൽപെട്ടത് വീട്ടിലേക്കുള്ള മടക്കയാത്രയിൽ. പൊലീസ് ജീപ്പിന് അടിയിൽപെട്ടുപോയ ഇവരെ മറ്റു യാത്രക്കാർ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ‌
ബീച്ച് ഫെസ്റ്റിനിടെ രാത്രി ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഡിസിആർബി ഡിവൈഎസ്പി കെ.എൽ.സജിമോൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് അദ്ദേഹത്തെ കോട്ടയത്തെ വീട്ടിലാക്കിയ ശേഷം ആലപ്പുഴയിലേക്കു മടങ്ങുകയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. ദിശ തെറ്റിയെത്തിയ ജീപ്പ് സ്കൂട്ടറിലും സമീപമുള്ള, ആര്യാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.രവീന്ദ്രദാസിന്റെ വീടിന്റെ മതിലിലും ഇടിച്ചു.