ഷനകയുടെ സെഞ്ചുറിക്കും ശ്രീലങ്കയെ രക്ഷിക്കാനായില്ല; ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 67 റണ്‍സ് ജയം. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്് ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലിയുടെ (113) സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനാണ് സാധിച്ചത്. ദശുന്‍ ഷനക (108) സെഞ്ചുറിയുമായി പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ഉമ്രാന്‍ മാലിക്ക് ഇന്ത്യക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 23 റണ്‍സുള്ളപ്പോള്‍ അവിഷ്‌ക ഫെര്‍ണാണ്ടോ (5), കുശാന്‍ മെന്‍ഡിസ് (0) എന്നിവരുടെ വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ടമായി. മുഹമ്മദ് സിറാജാണ് ഇരുവരേയും പുറത്താക്കിയത്. നാലാമനായി ക്രീസിലെത്തിയ ചരിത് അസലങ്കയും നിരാശപ്പെടുത്തി. ഇതോടെ മൂന്നിന് 64 എന്ന നിലയിലായി ശ്രീലങ്ക. എന്നാല്‍ പതും നിസ്സങ്ക (72)- ധനഞ്ജയ ഡിസില്‍വ (47) എന്നിവരുടെ കൂട്ടുകെട്ട് ലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 72 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ധനഞ്ജയ, നിസ്സങ്ക, വാനിന്ദു ഹസരങ്ക (16), ദുനിത് വെല്ലാലഗെ (0), ചാമിക കരുണാരത്‌നെ (14) എന്നിവരുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നഷ്ടമായി. ഇതോടെ എട്ടിന് 206 എന്ന നിലയിലായി ശ്രീലങ്ക. എന്നാല്‍ കശുന്‍ രജിതയെ (19 പന്തില്‍ 9) കൂട്ടുപിടിച്ച് ഷനക നടത്തിയ പോരാട്ടം ലങ്കയുടെ സ്‌കോര്‍ 300 കടത്തി. 99 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. അവസാന ഓവറില്‍ ഷനക സെഞ്ചുറിയും പൂര്‍ത്തിയാക്കി. 88 പന്തുകള്‍ മാത്രം നേരിട്ട താരം മൂന്ന് ഫോറും 12 സിക്‌സും നേടി.ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനെത്തിയ ഇന്ത്യ വിരാട് കോലിയുടെ (87 പന്തില്‍ 113) സെഞ്ചുറിയുടെ കരുത്തില്‍ 373 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (67 പന്തില്‍ 83), ശുഭ്മാന്‍ ഗില്‍ (60 പന്തില്‍ 70) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കശുന്‍ രജിത മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിത്- ഗില്‍ സഖ്യത്തിന് ഓപ്പണിംഗ് വിക്കറ്റില്‍ 143 റണ്‍സ് നേടാനായി. ഇഷാന് പകരം ടീമിലെത്തിയ ഗില്‍ ശരിക്കും അവസരം മുതലെടുത്തു. 60 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 70 റണ്‍സെടുത്തത്. ദസുന്‍ ഷനകയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് താരം മടങ്ങിയത്. മൂന്നാമനായി കോലി ക്രീസിലേക്ക്. രോഹിത്തിന് ആക്രമിക്കാന്‍ വിട്ട കോലി ഒരു ഭാഗത്ത് ഉറച്ചുനിന്നു. രോഹിത് ഒരു സെഞ്ചുറി നേടുമെന്ന തോന്നിച്ചെങ്കിലും ദില്‍ഷന്‍ മദുഷനകയുടെ പന്തില്‍ ബൗള്‍ഡായി. മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ (24 പന്തില്‍ 28) പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും മുതലാക്കാനായില്ല. ഒരു സിക്‌സും മൂന്ന് ഫോറും നേടിയ ശ്രേയസിനെ ധനഞ്ജയ ഡിസില്‍വ പുറത്താക്കി. 40 റണ്‍സാണ് ശ്രേയസ് കോലിക്കൊപ്പം കൂട്ടിചേര്‍ത്തത്. മധ്യനിരയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത കെ എല്‍ രാഹുല്‍ നിര്‍ണായക സംഭാവന നല്‍കി. 29 പന്തുകള്‍ നേരിട്ട രാഹുല്‍ ഒരു സിക്‌സും നാല് ഫോറും നേടി. കോലി- രാഹുല്‍ സഖ്യം 90 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ (14), അക്‌സര്‍ പട്ടേല്‍ (9) എന്നിവര്‍ നിരാശപ്പെടുത്തി.ഇതിനിടെ കോലി പുറത്തായി. 87 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും 12 ഫോറും നേടി. കോലിയുടെ 45-ാം ഏകദിന സെഞ്ചുറിയായിരുന്നു ഗുവാഹത്തിയിലേത്.  രജിതയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങുന്നത്. മുഹമ്മദ് ഷമി (4), മുഹമ്മദ് സിറാജ് (7) പുറത്താവാതെ നിന്നു. രജിതയ്ക്ക് പുറമെ മധുഷനക, ചാമിക കരുണാരത്‌നെ, ദസുന്‍ ഷനക, ധനഞ്ജയ ഡിസില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.