മർദ്ദനമേറ്റെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ; തല്ലിയ ആളെ തിരിച്ചു തല്ലിച്ച് പൊലീസ്!

കൊല്ലം : മർദ്ദനമേറ്റെന്ന പരാതിയുമായി എത്തിയ യുവാവിനെക്കൊണ്ട് തല്ലിയയാളിനെ പൊലീസ് തിരിച്ചടിപ്പിച്ചെന്ന് പരാതി. കൊല്ലം അഞ്ചാലുംമൂട് എസ്ഐ ജയശങ്കറിനെതിരെയാണ് ആരോപണം. സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയില്‍ ആഭ്യന്തര തലത്തിൽ അന്വേഷണം തുടങ്ങി. തൃക്കരുവ സ്വദേശി സെബാസ്റ്റ്യനാണ് പരാതിക്കാരൻ.
പ്രാക്കുളം സ്വദേശിയായ രാഹുലും സെബാസ്റ്റ്യനും തമ്മില്‍ കഴിഞ്ഞദിവസം കയ്യാങ്കളി ഉണ്ടായി. രാഹുല്‍ സെബാസ്റ്റ്യനെതിരെ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കി. തുടർന്ന് എസ്ഐ ജയശങ്കര്‍ ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പരാതിക്കാരനായ രാഹുലിനെക്കൊണ്ട് സെബാസ്റ്റ്യനെ അടിപ്പിക്കുകയായിരുന്നു.